ന്യൂഡൽഹി: ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം ദിപ കർമാകറിന് വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടർന്നാണ് രാജ്യാന്തര ടെസ്റ്റിങ് ഏജൻസിയുടെ 21 മാസത്തെ വിലക്ക്. 2023 ജൂലൈ 10 വരെ ദിപ കർമാകറിന് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താരത്തിന്റെ 2021 ഒക്ടോബർ മുതലുള്ള മത്സര ഫലങ്ങൾ അസാധുവാകുകയും ചെയ്യും.
2016 ലെ റിയോ ഒളിംപിക്സിൽ ദിപ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചിരുന്നു. വെറും 0.15 പോയിന്റിനാണ് മെഡൽ നഷ്ടമായത്. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ദിപയുടേത്. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ദിപ സ്വന്തമാക്കിയിരുന്നു.
ഗ്ലാസ്‌ഗോയില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദിപ വെങ്കല മെഡല്‍ നേടി. ഏഷ്യന്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2015ലെ ലോക അര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. 2018ല്‍ തുർക്കിയില്‍ നടന്ന എഫ്‌ഐജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണം നേടി റെക്കോര്‍ഡിട്ടു.