ന്യൂഡൽഹി: ലോകത്ത് കൊറോണ വൈറസ് ഭീതിയൊഴിഞ്ഞില്ലെങ്കിലും മൈതാനങ്ങൾ വീണ്ടും സജീവമാവുകയാണ്. ക്രിക്കറ്റ് ആരാധകർ വളരെ പ്രതീക്ഷയോടെ നോക്കുന്നത് രണ്ട് കുട്ടിക്രിക്കറ്റ് പൂരങ്ങൾക്കായാണ്. ഒന്ന് ഇന്ത്യൻ പ്രീമിയർ ലീഗെന്ന ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ടൂർണമെന്റ്, രണ്ട് കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ ടി20 ലോകകപ്പ്.
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഐപിഎൽ അനിശ്ചിത കാലത്തേക്ക് നീട്ടിയെങ്കിലും ലോകകപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ടൂർണമെന്റ് നടക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
ടി20 ലോകകപ്പ് നിലവിൽ സംഘടിപ്പിക്കുന്നത് വളരെ അപകടകരമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നത്. “ടി20 ലോകകപ്പ് ഇപ്പോൾ നമ്മുടെ മുന്നിലൊരു വലിയ ചോദ്യ ചിഹ്നമാണ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ ടൂർണമെന്റ് സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഉള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് വളരെ അപകടകരവുമായിരിക്കും,” റോബർട്സ്, ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധി പറഞ്ഞു.
Also Read: പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനഃപൂർവം തോറ്റു; ശീതയുദ്ധത്തിൽ മറുപടിയുമായി സ്റ്റോക്‌സ്
നേരത്തെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. വിവിധ വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുമെന്നും അറിയിച്ചിരുന്നു. ആദ്യ മത്സരം ബ്രിസ്ബെയ്‌നിലും പിങ്ക് ബോൾ ടെസ്റ്റ് അഡ്‌ലെയ്ഡിലും നടക്കും. നാല് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാകും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. മെൽബൺ, സിഡ്നി, എന്നിവിടങ്ങളിലായിരിക്കും മറ്റ് രണ്ട് മത്സരങ്ങൾ.
ഓസ്‌ട്രേലിയയുമായി പരമ്പര നടത്തുന്നതിന് രണ്ട് ആഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള പരമ്പര നടക്കാതെ വന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് 300 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും. സെപ്റ്റംബര്‍ 30 വരെ ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.
Also Read: ഹെഡ് ഓർ ടെയ്‌ൽ; വീണ്ടും ടോസ് ആവശ്യപ്പെട്ട് ധോണി, സംഗക്കാരയുടെ വെളിപ്പെടുത്തൽ
അതേസമയം ജൂൺ ആദ്യ വാരം മുതൽ ക്ലബ്ബ് ക്രിക്കറ്റിന് തുടക്കമാകും. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ ആറ് മുതൽ ഡാവിൻ ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ടി20 ടൂർണമെന്റായിരിക്കും കോവിഡ് കാലത്തെ ആദ്യ പ്രധാനപ്പെട്ട ടൂർണമന്റായി ആരംഭിക്കുന്നത്. എന്നാൽ കർശന നിയന്ത്രണങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. പന്തിന് തിളക്കം കൂട്ടാൻ ഉമിനീരോ വിയർപ്പോ ഉപയോഗിക്കരുതെന്നാണ് താരങ്ങൾക്ക് ഡാർവിൻ ക്രിക്കറ്റ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദേശം. താരങ്ങളെല്ലാവരും വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്.