ന്യൂഡല്‍ഹി: ബിസിസിഐയുടെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്നും ഡോ. എംവി ശ്രീധര്‍ രാജിവെച്ചു. താത്പര്യ വ്യത്യാസങ്ങളെ കൊണ്ടാണ് താന്‍ രാജി വെച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ശ്രീധറിന്റെ രാജി സുപ്രിംകോടതി നിയമിച്ച കാര്യനിര്‍വ്വാഹക സമിതി സ്വീകരിച്ചു.

കഴിഞ്ഞയാഴ്ച്ചയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചതെന്ന് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ 30ന് രാജി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് സുപ്രിംകോടതി നിയമിച്ച നിര്‍വ്വാഹക സമിതി ശ്രീധരിനെ അറിയിച്ചിരുന്നു. ബിസിസിഐയുടെ ഭരണവകുപ്പിന്റെ പുതുക്കിയ പട്ടിക രാഹുല്‍ ജോഹ്രി വെളളിയാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് വിവരം.

ആഭ്യന്തര ക്രിക്കറ്റിലൂടെ അറിയപ്പെട്ട ശ്രീധറിന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ നിയമപരിധിയിലുളള ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. ബിസിസിഐ ഉദ്യോഗസ്ഥരുടെ മേല്‍ താത്പര്യങ്ങളുടെ വ്യത്യാസങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സുപ്രിംകോടതി നിയമിച്ച സമിതിക്ക് മുമ്പില്‍ ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തണമായിരുന്നു. ഇതിലെ വീഴ്ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ശ്രീധറിനെ ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് നിയമിച്ചത്. തന്റെ ഉടമസ്ഥതയിലുളള ആറ് ക്ലബ്ബുകളുടെ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്താതിരുന്നത്. ഇന്ത്യന്‍ ദേശീയ ടീം മുന്‍ സ്പിന്നര്‍ അര്‍ഷാദ് അയ്യൂബാണ് ഇത് സംബന്ധിച്ച വിവരം സുപ്രിംകോടതി നിയമിച്ച സമിതിക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ