നിദാഹാസ് ട്രോഫി മൽസരം ശ്രീലങ്കയിലാണ് നടന്നതെങ്കിലും ഗ്യാലറി കണ്ടാൽ ഇന്ത്യയാണെന്നേ തോന്നൂ. ഇന്ത്യൻ പതാകകൾ ഗ്യാലറിയിലെങ്ങും പാറി പറക്കുന്നുണ്ടായിരുന്നു. ജയിക്കും..ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യം ഇടിനാദം പോലെ ഗ്യാലറിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. മൽസരത്തിൽ ശ്രീലങ്ക ഇല്ലാതിരുന്നിട്ടുകൂടി ലങ്കക്കാർ ഇന്ത്യയ്ക്ക് നൽകിയ പിന്തുണ കമന്റേറ്റർമാരെയും അതിശയപ്പെടുത്തി.

ഇന്ത്യയ്ക്ക് ഒരിക്കലും ഇത്രയധികം ഗ്യാലറി പിന്തുണ കിട്ടിയ മൽസരം ശ്രീലങ്കയിൽ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടാവില്ല. ഫൈനലിൽ ഇന്ത്യ ജയിക്കണമെന്നായിരുന്നു ലങ്കൻ ആരാധകരുടെ ആഗ്രഹം. ശ്രീലങ്ക-ബംഗ്ലാദേശ് മൽസരത്തിലുണ്ടായ സംഭവ വികാസങ്ങളാണ് ലങ്കൻ ആരാധകരെ ഇങ്ങനെ ആഗ്രഹിക്കാൻ ഇടയാക്കിയത്. മൽസരം ജയിച്ചപ്പോൾ ബംഗ്ലാദേശ് താരങ്ങൾ ലങ്കൻ താരങ്ങളെ കളിയാക്കിയതും കോബ്ര ഡാൻസ് കളിച്ചതും പിന്നീടുണ്ടായ സംഭവങ്ങളൊക്കെയുമാണ് ലങ്കൻ ആരാധകരെ ഇന്ത്യൻ പക്ഷത്തേക്ക് അടുപ്പിച്ചത്.

ഫൈനലിൽ ബംഗ്ലാദേശിന്റെ തോൽവി മാത്രമായിരുന്നു ലങ്കൻ ആരാധകർ ആഗ്രഹിച്ചത്. ബംഗ്ലാദേശിനെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് വേണ്ട ഊർജം അവർ ഗ്യാലറിയിലിരുന്ന് നൽകി. മുഖത്ത് ഇന്ത്യൻ പതാകയുടെ നിറത്തിൽ ഛായം പൂശിയും കൈയ്യിൽ ത്രിവർണ പതാകയുമേന്തിയാണ് അവർ ഗ്യാലറിയിൽ എത്തിയത്. ഇന്ത്യ ജയിക്കും… ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യങ്ങൾ മുഴക്കി. ഇന്ത്യൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങിനെയെല്ലാം വൻ കൈയ്യടി നൽകി സ്വീകരിച്ചു. ബംഗ്ലാദേശ് താരങ്ങളുടെ വിക്കറ്റ് വീഴുമ്പോൾ അതിനും കൈയ്യടി ഇന്ത്യയ്ക്ക് നൽകി.

മൽസരത്തിന്റെ അവസാന ഓവറിൽ മികച്ച പിന്തുണയാണ് ലങ്കൻ ആരാധകർ നൽകിയത്. ദിനേഷ് കാർത്തിക് അവസാന ബോൾ സിക്സർ ഉയർത്തി വിജയം തീർത്തപ്പോൾ ഗ്യാലറിയിൽ ഇന്ത്യൻ പതാകകൾ പാറി പറക്കുന്നുണ്ടായിരുന്നു.

”ശ്രീലങ്കയെ തോൽപ്പിച്ചപ്പോൾ ബംഗ്ലാദേശ് താരങ്ങൾ നടത്തിയ ആഘോഷ പ്രകടനം അംഗീകരിക്കാനാവില്ല. അവരെ ഇന്ത്യ തോൽപ്പിക്കണമെന്ന് ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുളളൂ” ലങ്കൻ ആരാധികയായ മഞ്ജുള അമരശേഖര പറഞ്ഞു.

ശ്രീലങ്കൻ ആരാധകർ തങ്ങൾക്കു നൽകിയ പിന്തുണ ഇന്ത്യൻ താരങ്ങളും മറന്നില്ല. മൽസരം വിജയിച്ചശേഷം മൈതാനത്ത് കൂടി നടന്ന ഇന്ത്യൻ ടീം അംഗങ്ങൾക്കൊപ്പം ശ്രീലങ്കൻ പതാകയും ഉണ്ടായിരുന്നു. ഇന്ത്യൻ പതാക ഗ്യാലറിയിൽ പാറിയപ്പോൾ മൈതാനത്ത് ശ്രീലങ്കൻ പതാകയാണ് ഇന്ത്യന താരങ്ങൾ പാറിപ്പിച്ചത്.

ലങ്കൻ ആരാധകർ നൽകിയ പിന്തുണയെക്കുറിച്ച് മൽസരശേഷം ദിനേശ് കാർത്തിക്കും പറഞ്ഞു. ഗ്യാലറിയിൽ നിന്നും കിട്ടുന്ന പിന്തുണ കളിക്കാനുളള ഊർജം നൽകും. ഫൈനൽ മൽസരത്തിൽ ലങ്കൻ ആരാധകർ നൽകിയ പിന്തുണയ്ക്ക് അവരോട് നന്ദി പറയുന്നതായും ദിനേശ് കാർത്തിക് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook