ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം കാരണം മാസങ്ങളായി ശ്വാസം മുട്ടുകയാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച അന്തരീക്ഷം മലിനമായത് ബാധിച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളെ കൂടിയാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കനത്ത പൊടിപടലവും പുകമഞ്ഞും കാരണം തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് ഫിറോസ്ഷാ കോട്‍ല മൈതാനത്ത് പൊടി വില്ലനായി എത്തിയത്.

ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് 17 മിനിറ്റ് മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബോളറായ സുരംഗ ലക്മൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു.

ആദ്യം ലങ്കന്‍ താരങ്ങള്‍ മാസ്ക് ഉപയോഗിച്ച് കളിച്ചത് കമന്റേറ്റേഴ്സിനേയും നിരാശപ്പെടുത്തി. ബോളിങ് ചെയ്യുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടാണെന്ന് സഞ്ജയ് മജ്രേക്കറും റസല്‍ അര്‍ണോള്‍ഡും പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വെളളം നല്‍കാന്‍ എത്തിയവരും മാസ്ക് ധരിച്ചാണ് എത്തിയത്.

ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി 243 റൺസിൽ പുറത്തായതിന് പിന്നാലെ അദ്ദേഹം ഒന്നാം ഇന്നിങ്സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ നില്‍ക്കെ ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ ഡ്രെസിങ് റൂമില്‍ നിന്നും ആംഗ്യം കാണിക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ 6-ാമത്തെ ഇരട്ട സെഞ്ചുറിയാണിത്. നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാം ടെസ്റ്റിലും കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറി നേട്ടം.

ആറു ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചു. വെസ്റ്റ് ഇൻഡസിന്റെ ബ്രെയിൻ ലാറയുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. നാഗ്പൂരിൽ ഇരട്ട സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇൻഡീസിന്റെ ബ്രെയിൻ ലാറയ്ക്കൊപ്പം കോഹ്‌ലി എത്തിയിരുന്നു. ഇന്നത്തെ ഇരട്ട സെഞ്ചുറി നേട്ടത്തോടെ 11 വർഷത്തെ ബ്രെയിൻ ലാറയുടെ റെക്കോർഡ് കോഹ്‌ലി തിരുത്തിക്കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook