കൊളംബോ: 2011 ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ ഒത്തുകളിയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. ലോകകപ്പ് ഫെെനലിൽ ഇന്ത്യയും ശ്രീലങ്കയുമാണ് ഏറ്റുമുട്ടിയത്. ഇന്ത്യ ആറുവിക്കറ്റിനാണ് ഫെെനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം ചൂടിയത്. ഒൻപത് വർഷങ്ങൾക്കു ശേഷമാണ് ലോകകപ്പ് ഫെെനൽ മത്സരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കൻ കായികമന്ത്രാലയമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.
ശ്രീലങ്കയുടെ മുൻകായികമന്ത്രി മഹിന്ദാനന്ദ അലുത്‌ഗാമേയാണ് 2011 ലെ ലോകകപ്പ് ഫെെനൽ ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി നേരത്തെ രംഗത്തെത്തിയത്. 2011 ൽ ലോകകപ്പ് നടക്കുമ്പോൾ അലുത്‌ഗാമേയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി. അതുകൊണ്ട് തന്നെയാണ് ഈ ആരോപണം ഇത്ര ഗുരുതരമാകുന്നതും. 2011 ലോകകപ്പ് ഫെെനലിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഓരോ രണ്ട് ആഴ്‌ചയും അന്വേഷണ റിപ്പോർട്ട് നൽകണമെന്നും ശ്രീലങ്കൻ കായികമന്ത്രാലയം ആവശ്യപ്പെട്ടു.

ശ്രീലങ്ക ഇന്ത്യയ്‌ക്കു മുൻപിൽ മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മുൻകായികമന്ത്രി ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. ചില കേന്ദ്രങ്ങൾ ഇതിൽ ഇടപെട്ടിട്ടുണ്ട് എന്നും അലുത്‌ഗാമേ ആരോപിച്ചു. “ശ്രീലങ്ക ഇന്ത്യയ്‌ക്ക് മുൻപിൽ മത്സരം വിൽക്കുകയായിരുന്നു. അന്ന് കായികമന്ത്രിയായിരുന്ന സമയത്തും ഞാൻ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. ” അലുത്‌ഗാമേ പറഞ്ഞിരുന്നു. അന്ന് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കുവേണ്ടി കളിച്ച താരങ്ങളുടെ പേരൊന്നും അലുത്‌ഗാമേ ആരോപണത്തിൽ പറഞ്ഞിട്ടില്ല. ചില കേന്ദ്രങ്ങൾ എന്നുമാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. അലുത്‌ഗാമേയുടെ ആരോപണത്തിനു എതിരെ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അലുത്‌ഗാമേ രാഷ്‌ട്രീയമുതലെടുപ്പ് നടത്തുകയാണെന്നാണ് പല മുൻ താരങ്ങളുടെയും ആരോപണം.
അതേസമയം, ലോകകപ്പ് ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസ് ഇടണമെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി ആവശ്യപ്പെട്ടിരുന്നതായി ശ്രീലങ്കൻ മുൻ നായകൻ കുമാർ സംഗക്കാര വെളിപ്പെടുത്തിയിരുന്നു. ഫെെനലിൽ മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. ശ്രീലങ്കയെ നയിച്ചിരുന്നത് സംഗക്കാരയും. ഫെെനൽ മത്സരത്തിലെ ടോസിങ്ങിനിടെ സംഭവിച്ച കാര്യങ്ങളാണ് സംഗക്കാര തുറന്നുപറഞ്ഞത്.
Read Also: നമ്മളൊന്നിച്ച് കുറേ പദ്ധതികൾ തയ്യാറാക്കി, ഒടുവിൽ നിങ്ങൾ യാത്രയായി; സച്ചിയോർമകളിൽ പൃഥ്വി
ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസിടാൻ ധോണി ആവശ്യപ്പെട്ടതായി സംഗക്കാര പറയുന്നു. ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു അത്. എന്നാൽ, ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നു. ധോണിയുടെ താൽപര്യമനുസരിച്ച് ഫെെനൽ മത്സരത്തിൽ വീണ്ടും ടോസിട്ടതായും സംഗക്കാര വെളിപ്പെടുത്തി. മുംബെെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫെെനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞു.
“ആദ്യം ടോസിട്ടപ്പോൾ ‘ഹെഡ്’ ആണ് ഞാൻ വിളിച്ചത്. എന്നാൽ, ധോണിക്ക് സംശയമായി. ടെയ്‌ൽ അല്ലേ വിളിച്ചതെന്ന് ധോണി എന്നോട് ചോദിച്ചു. ഞാൻ ‘അല്ല’ എന്നു പറഞ്ഞു. ഹെഡ് വിളിച്ച എനിക്ക് അനുകൂലമായിരുന്നു ടോസ്. ഞാൻ ‘ടെയ്ൽ’ അല്ലേ വിളിച്ചതെന്ന് ധോണി ആവർത്തിച്ചു ചോദിച്ചു. അല്ല, ഹെഡ് ആണ് വിളിച്ചതെന്ന് ഞാൻ മറുപടി നൽകി. എന്നാൽ, അപ്പോഴും ധോണിക്ക് സംശയമായിരുന്നു. ഞാൻ ഹെഡ് വിളിച്ചത് കേട്ട മാച്ച് റഫറി ശ്രീലങ്ക ടോസ് ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, ധോണി വിയോജിച്ചു. ഒടുവിൽ വീണ്ടും ടോസിടേണ്ടി വന്നു. രണ്ടാമത് ടോസ് ഇട്ടപ്പോഴും ഞാൻ ഹെഡ് തന്നെ വിളിച്ചു. വീണ്ടും ടോസ് ഞാൻ ജയിച്ചു. ഇന്ത്യയെ ഫീൽഡിങ്ങിനു വിടുകയും ചെയ്‌തു.” സംഗക്കാര പറഞ്ഞു.
Read Also: എത്ര സുന്ദരമായ നിമിഷം; ഗാംഗുലിക്ക് പ്രിയം ധോണിയുടെ ചരിത്രഷോട്ട്
അന്ന് തനിക്ക് ടോസ് നഷ്‌ടപ്പെട്ടിരുന്നെങ്കിൽ ധോണി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു എന്നും സംഗക്കാര പറഞ്ഞു. “ഫെെനലിൽ ടോസ് ലഭിച്ചതു എന്റെ ഭാഗ്യമാണോ എന്ന് അറിയില്ല. ഒരുപക്ഷേ, ടോസ് ധോണിയാണ് ജയിച്ചിരുന്നെങ്കിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു. ഇന്ത്യയുടെ സ്‌കോർ ഞങ്ങൾ പിൻതുടരേണ്ടി വന്നേനെ…” സംഗക്കാര പറഞ്ഞു.
2011 ലെ ലോകകപ്പ് ഫെെനലിൽ ടോസ് ലഭിച്ച സംഗക്കാര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സാണ് നേടിയത്. മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന മഹേള ജയവർധനെയുടെ സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക് 274 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ വെറും നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തി. ഗൗതം ഗംഭീർ (122 പന്തിൽ 97), ക്യാപ്റ്റൻ എം.എസ്.ധോണി (79 പന്തിൽ പുറത്താകാതെ 91) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തന്റെ സ്വതസിദ്ധമായ ശെെലിയിൽ സിക്‌സർ പറത്തിയാണ് ധോണി ഇന്ത്യയെ വിജയത്തിലേക്കും രണ്ടാം ലോകകപ്പ് നേട്ടത്തിലേക്കും നയിച്ചത്.