അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്‌സ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് റീസയുടെ റെക്കോര്‍ഡ് പ്രകടനം. റീയസുടെ മികവില്‍ ലങ്കയെ ദക്ഷിണാഫ്രിക്ക 78 റണ്‍സിന് പരാജയപ്പെടുത്തി. 364 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ലങ്ക 45.2 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ഏകദിനങ്ങളുളള പരമ്പരയില്‍ 3-0ത്തിന് അതിഥികള്‍ മുമ്പിലെത്തി.

അരങ്ങേറ്റത്തില്‍ തന്നെ വേഗതയേറിയ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റീസ സ്വന്തം പേരിലാക്കിയത്. 116 പന്തില്‍ 124 റണ്‍സ് അരങ്ങേറ്റത്തില്‍ നേടിയ യുഎഇയുടെ മാര്‍ക്ക് ചാപ്മാനാണ് ഇതോടെ പിന്നിലായത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ എയ്‌ഡെന്‍ മാര്‍ക്രമിന് പകരമായാണ് റീസ ടീമിലെത്തിയത്. മാര്‍ക്രമിന് കാര്യമായി തിളങ്ങാനായിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ താരം 88 പന്തില്‍ നിന്നാണ് സെഞ്ച്വറി കുറിച്ചത്.

എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 89 പന്തില്‍ 102 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു. 49 പന്തില്‍ നിന്നായിരുന്നു റീസ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്. ഹാഷിം അംലയുമൊത്ത് 59 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. റീസയുടെ സെഞ്ച്വറിയും ജീന്‍പോള്‍ ഡുമിനി(92) ഹാഷിം അംല(59) ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 363 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ്.

2014ല്‍ ഓസ്ട്രേലിയയ്ക്ക് എതിരായ ട്വന്റി 20യിലൂടെയാണ് റീസ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനമായിരുന്നു അന്നും അദ്ദേഹം പുറത്തെടുത്ത്. ഡുമിനിയും ഒന്നിച്ച് 78 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത് ശ്രദ്ധേയമായിരുന്നു.

ഏകദിനത്തില്‍ മറുപടി ബാറ്റിനിറങ്ങിയ ലങ്ക ഓരോ നിശ്ചിത ഇടവേളയിലും ബാറ്റ്സ്മാന്‍മാരെ നഷ്ടപ്പെടുത്തി. സില്‍വയും അഖില ധനഞ്ജയയും ഒരു ഘട്ടത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഏറെ നേരം നീണ്ടുനിന്നില്ല. ബുധനാഴ്ച്ചയാണ് നാലാമത്തെ ഏകദിനം അരങ്ങേറുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ