ഏഷ്യ കപ്പില്‍ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ പാക്കിസ്ഥാനനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി ശ്രീലങ്ക. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 122 റണ്‍സ് വിജയ ലക്ഷ്യം 17 ഓവറില്‍ ശ്രീലങ്ക മറികടന്നു. ലങ്കയ്ക്കായി 48 പന്തില്‍ 55 റണ്‍സ് നേടിയ നിസങ്കയുടെ ഇന്നിംഗ്‌സാണ് വിജയത്തില്‍ നിര്‍ണായകമായത്. നിസങ്കയെ കൂടാതെ രാജപക്‌സെ(24), ദസുന്‍ ഷനക(21) എന്നിവരും മെച്ചപ്പെട്ട ഇന്നിംഗ് കാഴ്ചവെച്ചു. 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് ലങ്ക നേടിയത്. പാക്ക് നിരയില്‍ മുഹനമ്മദ് ഹസ്‌നെയിന്‍, ഹാരീസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റും.ഉസ്മാന്‍ ഖാദിര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ശ്രീലങ്ക എതിരാളികളെ ബാറ്റിംഗിനയക്കുകയായിരുന്നു. ലങ്കന്‍ ബൗളര്‍മാരുടെ ആക്രമണത്തില്‍ പാക് ബാറ്റിംഗ് തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 19.1 ഓവറില്‍ 121 റണ്‍സിന് പാകിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ശ്രീലങ്കന്‍ നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസരംഗയുടെ മികവാണ് പാക്ക് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
29 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക്ക് നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത്. മുഹമ്മദ് റിസ്വാന്‍ 14(14), ഫഖര്‍ സമാന്‍ 13(18), ഇഫ്തികര്‍ അഹ്മദ് 13(17), ഖുഷ്ദില്‍ ഷാ 4(8), മുഹമ്മദ് നവാസ് 26(18), എന്നിങ്ങനെ എല്ലാവരും ശോഭിക്കാതെ കൂടാരം കയറി.
ആസിഫ് അലി, ഹസന്‍ അലി എന്നിവര്‍ പൂജ്യരായി മടങ്ങി. ഉസ്മാന്‍ ഖാദിര്‍ 3(6), ഹാരിസ് റൗഫ് 1(2) റണ്‍സ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് ഹസ്നയിന്‍ 0*(1) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി മഹേഷ് തീക്ഷണ, പ്രമോദ് മധുഷാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ, ചാമിക കരുണരത്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.