ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ശ്രീലങ്ക ഭേദപ്പെട്ട സ്കോറിലേക്ക്. 131 റണ്‍സിന് 3 വിക്കറ്റുമായി മൂന്നാം ദിനം കളി തുടങ്ങിയ അതിഥികള്‍ ഇന്ന് വിക്കറ്റൊന്നും നഷ്ടമാകാതെ 200 കടന്നു. എയ്ഞ്ചലോ മാത്യൂസ് സെഞ്ചുറി നേടി ക്രീസില്‍ തുടരുന്നുണ്ട്.

അര്‍ദ്ധസെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമാലും ക്രീസിലുണ്ട്. കരുണരത്നെ റണ്‍സൊന്നും എടുക്കാതെ രണ്ടാം ദിനം ആദ്യമേ കൂടാരം കേറിയിരുന്നു. ധനഞ്ജയ സില്‍വ 1 റണ്‍സ് മാത്രമാണ് എടുത്തത്. 42 റണ്‍സെടുത്ത് നില്‍ക്കെ ദില്‍റുവാന്‍ പെരേരയും പുറത്തായി.

കനത്ത പൊടിപടലവും പുകമഞ്ഞും കാരണം കളി ഇന്നലെ പല തവണ തടസ്സപ്പെട്ടിരുന്നു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് ഫിറോസ്ഷാ കോട്‍ല മൈതാനത്ത് പൊടിയും പുകയും വില്ലനായി എത്തിയത്. മൂന്നാം ദിനത്തില്‍ ക്രീസില്‍ തുടരവേ ചണ്ഡിമാല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തനിക്ക് അസ്വസ്ഥത തോന്നുന്നതായി അദ്ദേഹം ഡ്രെസിങ് റൂം നോക്കി ആംഗ്യം കാണിച്ചു. തുടര്‍ന്ന് ലങ്കന്‍ അധികൃതര്‍ മൈതാനത്തെത്തി സ്ഥിതി വിലയിരുത്തി.

ഇന്നലെ ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് 17 മിനിറ്റ് മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബോളറായ സുരംഗ ലക്മൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു.

ആദ്യം ലങ്കന്‍ താരങ്ങള്‍ മാസ്ക് ഉപയോഗിച്ച് കളിച്ചത് കമന്റേറ്റേഴ്സിനേയും നിരാശപ്പെടുത്തി. ബോളിങ് ചെയ്യുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടാണെന്ന് സഞ്ജയ് മജ്രേക്കറും റസല്‍ അര്‍ണോള്‍ഡും പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വെളളം നല്‍കാന്‍ എത്തിയവരും മാസ്ക് ധരിച്ചാണ് എത്തിയത്.

ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി 243 റൺസിൽ പുറത്തായതിന് പിന്നാലെ അദ്ദേഹം ഒന്നാം ഇന്നിങ്സ് ഏഴ് വിക്കറ്റിന് 536 റൺസെന്ന നിലയിൽ നില്‍ക്കെ ഡിക്ലയര്‍ ചെയ്യാന്‍ നായകന്‍ ഡ്രെസിങ് റൂമില്‍ നിന്നും ആംഗ്യം കാണിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ