കൊളംബോ: 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഒത്തുകളിയാണെന്ന ആരോപണത്തിൻമേലുള്ള അന്വേഷണം ശ്രീലങ്കൻ പൊലീസ് അവസാനിപ്പിച്ചു. കേസിൽ കുമാർ സംഗക്കാര, മഹേല ജയവർധന, അരവിന്ദ ഡി സിൽവ എന്നീ മുൻ ശ്രീലങ്കൻ താരങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ആരോപണം ശരിവയ്ക്കുന്ന തെളിവുകളുടെ അഭാവത്തിൽ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
ഇന്ത്യയും ശ്രീലങ്കയുമായിരുന്നു 2011 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ അന്ന് ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. ശ്രീലങ്കയുടെ മുൻകായികമന്ത്രി മഹിന്ദാനന്ദ അലുത്‌ഗാമേയാണ് 2011 ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നത്. അന്നത്തെ ശ്രീലങ്കയുടെ കായികമന്ത്രിയായിരുന്നു അലുത്‌ഗാമേ. ഇന്ത്യയ്‌ക്കു മുൻപിൽ ശ്രീലങ്ക മനഃപൂർവം അടിയറവു പറയുകയായിരുന്നു എന്നാണ് മുൻ കായികമന്ത്രി ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. ചില കേന്ദ്രങ്ങൾ ഇതിൽ ഇടപെട്ടിട്ടുണ്ട് എന്നും അലുത്‌ഗാമേ ആരോപിച്ചിരുന്നു.
Read More: ലോകകപ്പ് ഫെെനൽ ഒത്തുകളിയെന്ന് ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ആരോപണത്തെത്തുടർന്നാണ് ശ്രീലങ്കൻ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. ആലുത്ഗാമെ ഉന്നയിച്ച ആരോപണങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. നേരത്തെ, സംഗക്കാരയെയും ഡി സിൽവയെയും യഥാക്രമം ആറ് മണിക്കൂറിലധികവും 10 മണിക്കൂറിലധികവും പോലീസ് ചോദ്യം ചെയ്തിരുന്നു.
കായിക മന്ത്രാലയം സെക്രട്ടറിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് കായിക മന്ത്രാലയ സെക്രട്ടറിക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. ആഭ്യന്തര ചർച്ചയ്ക്കൊടുവിലാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട് ജഗത് ഫോൺസെക മാധ്യമപ്രവർത്തകരോട് പറഞ്ഞു. കളിക്കാരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതിന്റെ കാരണമൊന്നും ഞങ്ങൾ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈനലിൽ പെട്ടെന്നുള്ള ടീം മാറ്റത്തിനുള്ള കാരണങ്ങൾ മൊഴി നൽകിയ മൂന്ന് ക്രിക്കറ്റ് താരങ്ങൾ വേണ്ടത്ര വിശദീകരിച്ചിട്ടുണ്ടെന്ന് ഫോൺസെക പറഞ്ഞു.ഒത്തുകളിയുടെ ഭാഗമായാണ് ലോകകപ്പ് ഫൈനൽ ദിനത്തിൽ ശ്രീലങ്ക ടീം മാറ്റിയതെന്നായിരുന്നു ആലുത്ഗാമേ ഉന്നയിച്ച ആരോപണങ്ങളിലൊന്ന്.
Read More: ഇന്ത്യയുടെ ലോകകപ്പ് വിജയം ഒത്തുകളിയിലൂടെയെന്ന വാദം ചോദ്യം ചെയ്ത് ജയവർധനെയും സംഗക്കാരയും
അലുത്‌ഗാമേയുടെ വാദങ്ങളെ ജയവർധനെയും സംഘക്കാരയും നേരത്തേ ചോദ്യം ചെയ്തിരുന്നു. ലോകകപ്പിൽ ഒത്തുകളി നടന്നതായി ആരോപിച്ച മുൻ കായിക മന്ത്രിയോട് അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്നായിരുന്നു ജയവർധനെയും സംഘക്കാരയും ആവശ്യപ്പെട്ടത്. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകനായിരുന്നു സംഘക്കാര. ഫൈനലിൽ ഇന്ത്യക്കെതിരേ 103 റൺസ് നേടിയിരുന്നു ജയവർധനെ.
2011 ലോകകപ്പ് ഫൈനലിൽ മുമ്പ് 10 പന്തുകൾ ബാക്കി നിൽക്കേയാണ് ശ്രീലങ്ക ഇന്ത്യയോട് തോറ്റത്. പരിക്കേറ്റ മുത്തയ്യ മുരളീധരനും ഏഞ്ജലോ മാത്യൂസിനും പകരം സൂരജ് റൺദീവിനെയും ചാമിന്ദ വാസിനെയും കളത്തിലിറക്കുമെന്ന് ഫൈനലിനു മുൻപ് ലങ്കൻ ടീം അറിയിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മുരളീധരൻ കളിക്കുകയും ഏഞ്ജലോ മാത്യൂസ് പുറത്തുനിൽക്കുകയും ചെയ്തു.
ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തുകയും ചെയ്തു.
Read More: Sri Lanka police drop 2011 World Cup final fixing probe