കൊളംബോ: ശ്രീലങ്കയുടെ ഓൾ റൗണ്ടർ ധനഞ്ജയ ഡി സിൽവയുടെ അച്ഛനെ വെടിവച്ചു കൊന്നു. കൊളംബോയ്ക്ക് അടുത്ത് രത്നമലയിൽവച്ച് ഇന്നലെ രാത്രി അജ്ഞാത സംഘം ഡി സിൽവയുടെ അച്ഛൻ രഞ്ജനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രാദേശിക രാഷ്ട്രീയനേതാവാണ് രഞ്ജൻ.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അച്ഛന്റെ മരണത്തെ തുടർന്ന് വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽനിന്നും ഡി സിൽവ പിന്മാറി. വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നു ടെസ്റ്റ് മൽസരങ്ങളാണ് പരമ്പരയിലുളളത്. ജൂൺ ആറിനാണ് ആദ്യ മൽസരം. അതേസമയം, ഡി സിൽവയ്ക്ക് പകരം ആരെയാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന വിവരം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടില്ല.
26 കാരനായ ഡി സിൽവ ശ്രീലങ്കയ്ക്കായി 13 ടെസ്റ്റ് മൽസരങ്ങളും 17 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.