ദാംബുളള: അടിക്കടിയുളള പരാജയത്തില്‍ പതറിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആരാധകരുടെ ഭാഗത്ത് നിന്നും കൂടി പ്രഹരം. ടീമിന്റെ ദയനീയ പ്രകടനത്തില്‍ പ്രതിഷേധിച്ച് ശ്രീലങ്കന്‍ ആരാധകര്‍ ദാംബുളളയില്‍ വെച്ച് ടീം അംഗങ്ങള്‍ യാത്ര ചെയ്ത ബസ് തടഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ചതോടെയാണ് ആരാധകര്‍ രോഷാകുലരായത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടപ്പെടുത്തിയതോടെ ആരാധകര്‍ക്ക് ക്ഷമ നശിച്ചിരുന്നു. ഏകദിനത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊരു മെച്ചപ്പെടുത്തലും ഏകദിനത്തിലും കണ്ടില്ല. അമ്പതോളം വരുന്ന ആരാധകര്‍ പ്രതിഷേധക്കൂട്ടമായെത്തി താരങ്ങളെ കൂക്കി വിളിച്ചു. ഏകദേശം 30 മിനുട്ടോളം ക്രിക്കറ്റ് താരങ്ങളെ ആരാധകര്‍ റോഡില്‍ തടഞ്ഞതായാണ് വിവരം.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ആഭ്യന്തര കലാപം ഉടലെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയായിരുന്നു ടീമിന്റെ ദയനീയ പ്രകടനം. ഇതിനിടെ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സങ്കക്കാര ആരാധകരോട് ക്ഷമ കാണിക്കണമെന്ന് അറിയിച്ചു. ടീം ബുദ്ധിമുട്ടുമ്പോഴാണ് ആരാധകര്‍ കൂടെ നിന്ന് സ്നേഹിക്കേണ്ടതെന്ന് സങ്കക്കാര പറഞ്ഞു. അതാണ് ടീമിന്റെ ശക്തിയെന്നും ഒന്നു ചേര്‍ന്ന് ടീമിനെ പിന്തുണയ്ക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനം ഓഗസ്റ്റ് 24നാണ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ