കൊല്‍ക്കത്തയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്.

ജോണി ബെയര്‍സ്‌റ്റോയുടേയും ഡേവിഡ് വാര്‍ണറുടേയും വെടിക്കെട്ട് ബാറ്റിങാണ് ഹൈദരാബാദിന് വിജയം എളുപ്പമാക്കിയത്. ബെയര്‍‌സ്റ്റോ 43 പന്തില്‍ 80 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും നാല് സിക്‌സുമടങ്ങുന്നതാണ് ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്. വാര്‍ണര്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 38 പന്തില്‍ 67 റണ്‍സ് നേടി.

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് കൊല്‍ക്കത്ത എടുത്തത്. ഓപ്പണര്‍മാരായ ക്രിസ് ലിന്നും സുനില്‍ നരേനും മികച്ച തുടക്കം നല്‍കിയെങ്കിലും ആ്‌ന്ദ്രേ റസലിന് പതിവ് പോലെ ആക്രമിക്കാന്‍ സാധിക്കാതെ വന്നതോടെ കൂറ്റന്‍ സ്‌കോറിലേക്ക് എത്താന്‍ കൊല്‍ക്കത്തയ്ക്ക സാധിച്ചില്ല.

ക്രിസ് ലിന്നാണ് ടോപ്പ് സ്‌കോറര്‍. ലിന്‍ 51 റണ്‍സുമായി പുറത്തായി. റിങ്കു സിങ് 30 റണ്‍സും നരേന്‍ 25 റണ്‍സും റസല്‍ 15 റണ്‍സും നേടി. നിതീഷ് റാണ 11 റണ്‍സ് നേടി. അതേസമയം, മറ്റ് താരങ്ങളാരും തന്നെ രണ്ടക്കം കടന്നില്ല.

ഹൈദരാബാദ് ബോളിങ് നിരയില്‍ തിളങ്ങിയത് പേസര്‍ ഖലീല്‍ അഹമ്മദാണ്. ഖലീല്‍ മൂന്ന് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook