ദുബായ്: ക്യാപ്റ്റൻ സ്ഥാനത്തു നിന്നും തന്നെ നീക്കിയതിനു സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) മാനേജ്‍മെന്റ് വിശദീകരണം നൽകിയില്ലെന്ന് ഡേവിഡ് വാർണർ. കാരണം പറയാതിരുന്നത് വേദനിപ്പിച്ചെന്നും ഓസ്‌ട്രേലിയൻ ഓപ്പണറായ വാർണർ പറഞ്ഞു.
ഇന്ത്യയിൽ നടന്ന ഐപിഎല്ലിന്റെ ആദ്യ പകുതിയിൽ, ആദ്യ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുമ്പോഴാണ് വർണറിനു പകരം ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനെ എസ്ആർഎച്ച് ക്യാപ്റ്റനായി നിയമിച്ചത്.
എന്നാൽ ക്യാപ്റ്റൻസിയിലെ മാറ്റവും എസ്ആർഎച്ചിനെ തുണച്ചില്ല.പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി തന്നെയാണ് ടീം ഈ സീസൺ വിട്ടത്. യുഎഇയിൽ നടന്ന കഴിഞ്ഞ മത്സരങ്ങളിൽ മോശം ഫോമിൽ കളിക്കുന്ന വാർണറെ പുറത്തിരുത്തുകയും ചെയ്തിരുന്നു.
“ഉടമകളോടും ട്രെവർ ബെയ്‌ലിസ്, ലക്ഷ്മൺ, മൂഡി, മുരളി എന്നിവരോടും അങ്ങേയറ്റം ബഹുമാനത്തോടെ, ഒരു തീരുമാനം എടുക്കുമ്പോൾ, അത് ഏകകണ്ഠമായിരിക്കണം. ആരാണ് നിങ്ങൾക്ക് ഗുണം ചെയ്യുക ചെയ്യാതിരിക്കുക എന്ന് അറിയാൻ കഴിയില്ല,” വാർണർ ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.
“എന്നെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം എന്തുകൊണ്ടാണ് എന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് വിശദീകരണം നൽകാത്തതാണ്. നിങ്ങൾക്ക് ഫോമിനെ കുറിച്ചാണ് പറയാനുള്ളതെങ്കിൽ, അത് ബുദ്ധിമുട്ടുള്ള ഒന്നാണ്, കാരണം, നിങ്ങൾ മുമ്പ് ചെയ്തതെതിന്റെ ഭാരം മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, നിങ്ങൾ ചിന്തിക്കുക.”
Also Read: ടീം ഇന്ത്യയുടെ ഉപദേശക സ്ഥാനം; ധോണിയുടെ സേവനം പ്രതിഫലം വാങ്ങാതെയെന്ന് ബിസിസിഐ
ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കിയത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നാലും താൻ മുന്നോട്ട് പോകാൻ ആഗ്രഹിച്ചുവെന്ന് 34-കാരനായ വാർണർ പറഞ്ഞു.
“ചെന്നൈയിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ എനിക്ക് നാല് മോശം മത്സരങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു.”
“പ്രത്യേകിച്ചും നിങ്ങൾ ഫ്രാഞ്ചൈസിക്ക് വേണ്ടി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുള്ളപ്പോൾ ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്, എനിക്ക് ഒരിക്കലും ഉത്തരങ്ങൾ ലഭിക്കില്ലെന്ന് ഞാൻ കരുതുന്ന ഒരുപാട്ചോദ്യങ്ങൾ ഇപ്പോഴും ഉണ്ട്, എന്നാൽ എനിക്ക് മുന്നോട്ട് പോകേണ്ടതുണ്ട്,” വാർണർ കൂട്ടിച്ചേർത്തു.
വീണ്ടും സൺറൈസേഴ്സിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അത് തന്റെ കയ്യിൽ അല്ലെന്നും വാർണർ പറഞ്ഞു.
“സൺറൈസേഴ്സിനൊപ്പമുള്ള എന്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു, നിങ്ങൾ എല്ലാവരും അവിടെ (ആരാധകർ) ഞങ്ങൾക്ക് (കുടുംബത്തിന്) സ്പെഷ്യലാണ്. എസ്ആർഎച് ജേഴ്സിയിൽ ആയാലും മറ്റേതിലായാലും ഞാൻ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഹൈദരാബാദിൽ കളിക്കാൻ വരുമ്പോൾ നിങ്ങളെ എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യും,” വാർണർ കൂട്ടിച്ചേർത്തു.