scorecardresearch

‘അടി..അടിയോടടി’; ക്യാപ്റ്റനാകാന്‍ കാത്തിരുന്നത് പോലെ ശ്രേയസിന്റെ വെടിക്കെട്ട്

പൃഥ്വി ഷായുടെ വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച ശ്രേയസ് പൃഥ്വി പുറത്തായതോടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു

‘അടി..അടിയോടടി’; ക്യാപ്റ്റനാകാന്‍ കാത്തിരുന്നത് പോലെ ശ്രേയസിന്റെ വെടിക്കെട്ട്

തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് ഡല്‍ഹി നടക്കാന്‍ തുടങ്ങിയതോടെയാണ് ഗൗതം ഗംഭീര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നായകസ്ഥാനം ഒഴിയുന്നത്. പകരമെത്തിയത് യുവതാരം ശ്രേയസ് അയ്യരായിരുന്നു. അനുഭവ സമ്പത്ത് കുറഞ്ഞ ശ്രേയസിനെ ക്യാപ്റ്റനാക്കിയതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും ബാറ്റു കൊണ്ട് മറുപടി പറഞ്ഞിരിക്കുയാണ് ശ്രേയസ്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി ഡല്‍ഹിയുടെ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു അയ്യര്‍. അര്‍ധസെഞ്ച്വറി പിന്നിട്ട ്അയ്യര്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും സിക്‌സടിച്ചാണ് തന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം ആഘോഷിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 10 സിക്‌സും മൂന്ന് ഫോറുമടക്കം 93 റണ്‍സെടുത്തു ശ്രേയസ്.

വെറും 33 പന്തില്‍ നിന്നുമാണ് ശ്രേയസ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ആദ്യം ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച ശ്രേയസ് പൃഥ്വി പുറത്തായതോടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഐപിഎല്ലിന്റെ തന്റെ അരങ്ങേറ്റ മത്സരത്തിനിടെ വീണ കണ്ണീരിന് അര്‍ധ സെഞ്ച്വറി കൊണ്ടാണ് പൃഥ്വി ഷാ പകരം വീട്ടിയത്. ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ തന്നെയാണ് പൃഥ്വി ഷായുടെ അര്‍ധ സെഞ്ച്വറി.

കൊല്‍ക്കത്തയുടെ ബൗളിംഗ് നിരയെ അനായാസം നേരിട്ട പൃഥ്വി 33 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തുടക്കക്കാരന്റെ പകപ്പില്ലാതെ നായകന്‍ ശ്രേയസ് അയ്യരെ കാഴ്ച്ചക്കാരനാക്കിയാണ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ ബാറ്റ് വീശിയത്. ജയിക്കാന്‍ കൊല്‍ക്കത്തയ്ക്ക് 220 റണ്‍സെടുക്കണം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sreyas iyers beats kolkata around the ground