യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തെ അറിയിക്കാനുള്ള വലിയ അവസരമാണ് ഓരോ ഐപിഎല്‍ സീസണും തുറന്നിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം തന്നെ ഉദാഹരണം. ഡല്‍ഹിയുടെ വിജയശില്‍പ്പികളായി മാറിയത് യുവതാരങ്ങളായ ശ്രേയസ് അയ്യരും പൃഥ്വി ഷായുമായിരുന്നു.
ഗംഭീര്‍ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. പത്ത് സിക്സും രണ്ട് ഫോറുമായി കൊല്‍ക്കത്തന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ശ്രേയസ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹിയെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.
ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ ശ്രേയസ് പുറത്തെടുത്ത് ഐപിഎല്ലിലെ പേരു കേട്ട വെടിക്കെട്ട് വീരന്മാരായ ക്രിസ് ഗെയ്ലിനും എംഎസ് ധോണിയ്ക്കും രാഹുലിനും റസലിനും ഡിവില്യേഴ്സിനുമൊന്നും കഴിയാത്ത പ്രകടനമാണ്. 11ാം ഐപിഎല്ലിലെ ഏറ്റവും എക്സ്പെന്സിവ് ഓവറായിരുന്നു അത്.
അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗമായ ശിവം മാവിയായിരുന്നു ശ്രേയസിന്റെ കലിപ്പിന്റെ ഇരയായത്. 65 റണ്‍സായിരുന്നു അവസാന ഓവറിന് മുമ്പ് ശ്രേയസിന്റെ സമ്പാദ്യം. ആദ്യ പന്തില്‍ തന്നെ സിക്സടിച്ചാണ് ശ്രേയസ് ആരംഭിച്ചത്. നാല് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സാണ് മാവിയുടെ അവസാന ഓവറില്‍ ഡല്‍ഹി ക്യാപ്റ്റന്‍ അടിച്ച് കൂട്ടിയത്.
നേരത്തെ റോയല്‍ ചലഞ്ചേഴ്സിന്റെ ഉമേഷ് യാദവിനെതിരെ നേടിയ 27 റണ്‍സായിരുന്നു റെക്കോര്‍ഡ്. പിന്നാലെയുള്ളത് റാഷിദ് ഖാനും അമിത് മിശ്രയുമാണ്. ഇവരെയെല്ലാം മറികടന്ന് നാണക്കേടിന്റെ റെക്കോര്‍ഡ് ശിവം മാവിയെ തേടിയെത്തിയിരിക്കുകയാണ്.