കൊച്ചി: ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന മലയാളി താരം ശ്രീശാന്ത് തന്റെ ഐപിഎല്ലിലേക്കുള്ള പുനപ്രവേശനത്തെക്കുറിച്ചുള്ള താൽപര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഈ വർഷം ഐപിഎൽ നടന്നാൽ താൻ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി കളിക്കാൻ കഴിഞ്ഞാൽ അത് മഹത്തരമായിരിക്കുമെന്ന് താരം അഭിപ്രായപ്പെട്ടു. ക്രിക്ക്ട്രാക്കറിന്റെ ഇൻസ്റ്റഗ്രാം ചാറ്റിലായിരുന്നു ശ്രീ ശാന്തിന്റെ പ്രതികരണം.

അടുത്ത വർഷത്തെ ഐപിഎൽ താരലേലത്തിന് തന്റെ പേരും ഉണ്ടാകുമെന്നം താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.  ഇതിനു പിറകേയാണ് മുംബൈയോടുള്ള താൽപര്യം ശ്രീശാന്ത് വെളിപ്പെടുത്തയത്.

സച്ചിൻ ടെൻഡുൽക്കർ മെന്ററായ ടീമെന്ന നിലയിൽ മുംബൈ ഇന്ത്യൻസിൽ കളിക്കാനാണ് കൂടുതൽ ഇഷ്ടം. സച്ചിനുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാനും അവസരവും ലഭിക്കും. എങ്കിലും ഏതു ടീം തന്നെ സ്വന്തമാക്കിയാലും സന്തോഷത്തോടെ അവർക്കായി കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

Read More: ഹർഭജനെ വിലക്കാതിരിക്കാൻ കരഞ്ഞു യാചിച്ചു: 2008 ലെ സംഭവങ്ങൾ ഓർത്തെടുത്ത് ശ്രീശാന്ത്

“ഏതു ടീം വാങ്ങിയാലും സന്തോഷത്തോടെ അവർക്കായി കളിക്കും. എങ്കിലും ഒരു ആരാധകനെന്ന നിലയിൽ സച്ചിന്‍‍ പാജിയുടെ ടീമായ മുംബൈ ഇന്ത്യൻസിനോട് ഇഷ്ടക്കൂടുതലുണ്ട്. സച്ചിൻ പാജിയെ കാണുന്നതിനു വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഞാൻ. അദ്ദേഹത്തിൽനിന്ന് നേരിട്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും മുംബൈയ്ക്കു വേണ്ടി കളിക്കും”– ശ്രീശാന്ത് പറഞ്ഞു.

ധോണിക്കു കീഴിൽ ചെന്നൈ സൂപ്പർ കിങ്സിലോ കോലിക്കു കീഴിൽ റോയൽ ചലഞ്ചേഴ്സിലോ അവസരം ലഭിച്ചാലും വളരെ സന്തോഷമെന്നും ശ്രീശാന്ത് പറഞ്ഞു.

ഈ വർഷം ഐപിഎൽ നടന്നാൽ താൻ കളിക്കാനുള്ള സാധ്യതയെക്കുറിച്ചും ശ്രീശാന്ത് വിശദീകരിച്ചു. താരലേലത്തിലൂടെ ടീമിലെത്തിയ വിദേശ താരങ്ങൾക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കളിക്കാൻ സാധിക്കാതെ വന്നാൽ സ്വാഭാവികമായും ഇന്ത്യൻ താരങ്ങൾക്ക് ആവശ്യക്കാർ ഏറുമെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി. അങ്ങനെ വന്നാൽ ഏതെങ്കിലും ടീമിൽ തന്റെ പേരും ഉൾപ്പെട്ടേക്കാമെന്നാണ് ശ്രീശാന്തിന്റെ കണക്കുകൂട്ടൽ.

Read More: ‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത്

കോവിഡ് വ്യാപനം കാരണം വിദേശ താരങ്ങൾക്ക് രാജ്യത്തെത്താൻ പറ്റാത്ത സാഹചര്യത്തിൽ ഇത്തവണ ഐപിഎല്ലിൽ കളിക്കാൻ തനിക്ക് സാധ്യത കൂടുതലാണെന്ന് ശ്രീശാന്ത് പറഞ്ഞു. വിദേശ താരങ്ങളില്ലാതെ വന്നാൽ സ്വാഭാവികമായും ഇന്ത്യൻ താരങ്ങൾക്ക് ആവശ്യക്കാർ കൂടും. അങ്ങനെ വന്നാൽ ഏതെങ്കിലും ടീമിൽ തന്റെ പേരും ഉൾപ്പെട്ടേക്കാമെന്ന് ശ്രീശാന്ത് പറയുന്നു.

‘ഈ ഐപിഎൽ സീസണിൽ ഏതാനും വിദേശ താരങ്ങൾക്ക് കളിക്കാൻ സാധിച്ചേക്കില്ല. സ്വാഭാവികമായും വിവിധ ടീമുകളിൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതലായി അവസരം ലഭിക്കും. അങ്ങനെ വരുമ്പോൾ എനിക്കും കളിക്കാൻ അവസരം കിട്ടാനിടയുണ്ട്’ – ശ്രീശാന്ത് പറഞ്ഞു.

ഈ വർഷം സെപ്റ്റംബറോടെ വിലക്ക് മാറി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് ടീമിലൂടെയാവും താരത്തിന്റെ പ്രൊഫഷണൽ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവെന്ന് വാർത്തകളുണ്ടായിരുന്നു. വരുന്ന രഞ്ജി ടീമിലേക്കായി കേരളം ശ്രീശാന്തിനെ പരിഗണിക്കുന്നുണ്ട്.

ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. രാഹുൽ ദ്രാവിഡിന് കീഴിൽ രാജസ്ഥാൻ റോയൽസിലായിരുന്നു താരം. കിങ്ങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയും കേരളത്തിൽ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും ശ്രീശാന്ത് കളിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook