കൊച്ചി: വാതുവയ്പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക്. കെസിഎ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിൽ താരം കളിക്കുമെന്ന് കെസിഎ പ്രസിഡന്റ് സാജൻ കെ വർഗീസ് അറിയിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കെസിഎ സംഘടിപ്പിക്കുന്ന ടൂർണമെന്റാണ് കേരള പ്രീമിയർ ലീഗ്.

സെപ്റ്റംബർ 13നാണ് ശ്രീശാന്തിന്റെ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചത്. ഇതിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് താരം അറിയിച്ചിരുന്നു. രഞ്ജിയിലടക്കം താരം കളിക്കുമെന്ന കാര്യത്തിലും സ്ഥിരീകരണമായിരുന്നു. എന്നാൽ ആഭ്യന്തര മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ കേരള പ്രീമിയർ ലീഗിലൂടെ മടങ്ങി വരവിനൊരുങ്ങുകയാണ് ശ്രീശാന്ത്.

കേരളത്തിലെ റജിസ്റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളജ്– കെസിഎ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ ടൂർണമെന്റിന്റെ മത്സരക്രമം ഇനിയും തീരുമാനിച്ചിട്ടില്ല. ഡിസംബർ ആദ്യ വാരം ടൂർണമെന്റ് ആരംഭിക്കാനാണ് കെസിഎ പദ്ധതിയിടുന്നത്.

‘തീർച്ചയായും ശ്രീശാന്ത് തന്നെയായിരിക്കും ലീഗിന്റെ പ്രധാന ആകർഷണം. മുഴുവൻ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ബയോ ബബിളിലായിരിക്കും. ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് പ്രധാനം.’ സാജൻ വർഗീസ് പറഞ്ഞു.

ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook