ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനും ഇന്ത്യൻ ദേശീയ ടീമിന്റെ മെന്റൽ കണ്ടീഷനിങ് കോച്ചുമായിരുന്ന പാഡി അപ്ട്ടൺ തന്റെ ആത്മകഥയിൽ പറയുന്ന ഒരു സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. ബെയർഫൂട്ട് കോച്ച് എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ 2013ൽ രാജസ്ഥാൻ റോയൽസിന്റെ ഡ്രെസിങ് റൂമിൽ തനിക്കെതിരെയും രാഹുൽ ദ്രാവിഡിനെതിരെയും മലയാളി താരം ശ്രീശാന്ത് പൊട്ടിത്തെറിച്ചതിനെക്കുറിച്ചായിരുന്നു പാഡി പറഞ്ഞത്.

2013 സീസണിൽ ചെന്നൈയ്ക്കെതിരായ മത്സരത്തിനുള്ള അന്തിമ ഇലവനിൽ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കിയതോടെ താരം പൊട്ടിത്തെറിച്ചുവെന്ന് പാഡി പറഞ്ഞു. രാഹുൽ ദ്രാവിഡിനെയും തന്നെയും അപമാനിച്ചു. ഇതേ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. വാതുവയ്പ് കേസിൽ 2013 മേയ് 16ന് ശ്രീശാന്ത് അറസ്റ്റിലാകുന്നതിന് 24 മണിക്കൂർ മുമ്പ് മാത്രമാണ് ഈ സംഭവവികാസങ്ങളുണ്ടായതെന്നും അദ്ദഹം വ്യക്തമാക്കി.

എന്നാൽ പാഡി അപ്ട്ടണിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ശ്രീശാന്ത് രംഗത്തെത്തിയത്. “രാഹുൽ ദ്രാവിഡിനെപ്പോലെ ഒരാളോട് ഒരിക്കലും ഞാൻ മോശമായി പെരുമാറില്ല. അദ്ദേഹം മികച്ച നായകനാണ്. സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിൽ എനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു. അതിനുള്ള കാരണവും ഞാൻ ചോദിച്ചിരുന്നു,” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഹലോയിലൂടെ താരം മറുപടി നൽകി.

“എനിക്ക് ചെന്നൈയ്ക്കെതിരെ കളിക്കണമെന്നും വിജയിക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് പുറത്തിരുത്തിയത് എന്നതിനുള്ള വ്യക്തമായ കാരണം എനിക്കിപ്പോഴും അറിയില്ല. ഡർബൻ മത്സരത്തിൽ ഞാൻ ധോണിയുടെ വിക്കറ്റ് തെറിപ്പിച്ചിരുന്നു. ആ മത്സരത്തിന് ശേഷം പിന്നീടൊരിക്കലും ചെന്നൈയ്ക്കെതിരെ കളിക്കാൻ എനിക്ക് അവസരം ലഭിച്ചട്ടില്ല. അതിനൊരു വ്യക്തമായ കാരണം ടീം മാനേജ്‌മെന്റും നൽകിയിട്ടില്ല. എനിക്ക് ധോണിയോടോ ചെന്നൈയോടോ വിദ്വേഷമില്ല,” ശ്രീശാന്ത് വ്യക്തമാക്കി.

പാഡി അപ്ട്ടണിനോട് പല താരങ്ങൾക്കും ബഹുമാനമില്ലായിരുന്നെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. രാജ്യാന്തര ക്രിക്കറ്ററുടെ യാതൊരു തന്ത്രവുമില്ലാത്തയാളായിരുന്നു പാഡിയെന്നും ശ്രീശാന്ത് ആരോപിച്ചു. ആത്മകഥയിൽ തനിക്കെതിരായി അത്തരത്തിലൊരു പരാമർശമുണ്ടായത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook