ന്യൂഡൽഹി: ഐപിഎൽ വാതുവയ്പ് കേസിൽ ശിക്ഷാനടപടി നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ കാര്യത്തിൽ ബിസിസിഐ ഓംബുഡ്സ്മാൻ തീരുമാനമെടുക്കും. മൂന്ന് മാസത്തിനുള്ളിൽ ബിസിസിഐ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് ഡി.കെ.ജെയിൻ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ബിസിസിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ അശോക് ഭൂഷണ്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഐപിഎല്ലിൽ ഒത്തുകളിച്ചു എന്നാരോപിച്ച് ശ്രീശാന്തിനെതിരെ ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോൾ നിലവിലില്ല. അതിനാൽ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന ഓംബുഡ്സ്മാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹർജി സമർപ്പിച്ചത്. ഈ സാഹചര്യത്തിലാണ് മൂന്നു മാസത്തിനുള്ളില്‍ ശ്രീശാന്തിനെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ ഓംബുട്സ്മാനോട് കോടതി നിർദേശിച്ചത്.

Read: വിലക്ക് നീക്കാൻ നിയമ പോരാട്ടവുമായി ശ്രീശാന്ത് സുപ്രീംകോടതിയിലേക്ക്

വിചാരണ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നാണു ശ്രീശാന്തിന്റെ വാദം. എന്നാൽ ആരോപണ നിഴലിൽ നിന്ന് ശ്രീശാന്ത് ഇനിയും മുക്തനായിട്ടില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook