2007ൽ ആദ്യ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011 ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും നിറസാന്നിധ്യമായിരുന്നു മലയാളി പേസർ എസ് ശ്രീശാന്ത്. ടി20 ലോകകപ്പിൽ മിസ്ബാഹ് ഉൽ ഹഖിന്റെ നിർണായക ക്യാച്ചെടുത്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ച ശ്രീശാന്ത്, 2011 ലെ ലോകകപ്പ് ഫൈനലിലും ഇന്ത്യക്കായി കളിച്ചിരുന്നു.
ഇപ്പോഴിതാ ശ്രീശാന്ത് നടത്തിയ ഒരു പരാമർശമാണ് ക്രിക്കറ്റ് ലോകം ചർച്ചചെയ്യുന്നത്. കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ കുറഞ്ഞത് മൂന്ന് ലോകകപ്പുകൾ എങ്കിലും നേടിയിരുന്നേനെയെന്നാണ് ശ്രീശാന്ത് പറയുന്നത്. ഷെയർചാറ്റിന്റെ ഓഡിയോ ചാറ്റ് റൂമിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ, 2017 ചാമ്പ്യൻസ് ട്രോഫി, 2019 ഏകദിന ലോകകപ്പ്, 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി വിവിധ ഐസിസി ടൂർണമെന്റുകളിൽ കളിച്ചിരുനെങ്കിലും ഇതിലെല്ലാം പരാജപ്പെടുകയായിരുന്നു. 2017ൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ പരാജയം രുചിച്ച ഇന്ത്യ, 2019 സെമി ഫൈനലിലും 2021 ഫൈനലിലും ന്യൂസിലൻഡിനോട് തോൽവി വഴങ്ങുകയായിരുന്നു.
“വിരാടിന്റെ ക്യാപ്റ്റൻസിയിൽ ഞാൻ ടീമിന്റെ ഭാഗമായിരുന്നെങ്കിൽ 2015, 2019, 2021 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു,” ശ്രീശാന്ത് പറഞ്ഞു.
സച്ചിൻ ടെണ്ടുൽക്കറിനൊപ്പം ലോകകപ്പ് ഉയർത്തി നിന്നതും ശ്രീശാന്ത് ഓർത്തു. “ഞങ്ങൾ ആ ലോകകപ്പ് നേടിയത് സച്ചിൻ ടെണ്ടുൽക്കറിന് വേണ്ടിയാണ്.” എന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ ബോളിങ്ങിനെ കുറിച്ചും വിക്കറ്റിന് ശേഷമുള്ള ആഘോഷങ്ങളെ കുറിച്ചെല്ലാം ശ്രീശാന്ത് സംസാരിച്ചു. താൻ മാർഗനിർദേശം നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യക്കായി ടെസ്റ്റിൽ 27 മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റും ഏകദിനത്തിൽ 53 മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റും ടി20യിൽ പത്ത് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും ശ്രീശാന്ത് ഇന്ത്യക്കായി നേടിയിട്ടുണ്ട്.