കൊച്ചി: ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന മലയാളി താരം ശ്രീശാന്ത് തന്റെ കരയിറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ഓർത്തെടുക്കുകയാണ്. 2008 ഐപിഎൽ സമയത്ത് ഹർഭജൻ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും. അന്ന് ബിസിസിഐക്ക് മുൻപാകെ മൊഴി നൽകുമ്പോൾ ഹർഭജനെ വിലക്കരുതെന്ന് അവരോട് താൻ അപേക്ഷിച്ചിരുന്നതായി ഒരു ലൈവ് ചാറ്റിൽ ശ്രീശാന്ത് പറഞ്ഞു.
“ഐപിഎൽ കമ്മീഷണറുടെ മുന്നിൽ ഞാൻ അക്ഷരാർത്ഥത്തിൽ കരയുകയും യാചിക്കുകയും ചെയ്തു, ഹർഭജൻ സിങ്ങിനെതിരേ ഒന്നും ചെയ്യരുതെന്നും അദ്ദേഹത്തെ വിലക്കരുതെന്നും പറഞ്ഞ്, പറയുകയും ചെയ്തു,” ‘ക്രിക്കറ്റ് അഡിക്ടറു’മായുള്ള ഫേസ്ബുക്ക് ലൈവ് ചാറ്റിൽ ശ്രീശാന്ത് പറഞ്ഞു.
Read More: ‘അയാളുടെ കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് കഴിയും,’ ബെൻ സ്റ്റോക്‌സിന് മറുപടിയുമായി ശ്രീശാന്ത്
“ഞാൻ ഒരു അപക്വമായ മാനസികാവസ്ഥയിലായിരുന്നു, പുറത്തിറങ്ങിയപ്പോൾ ഭാജി പായെ കളിയാക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം മറ്റൊരു മാനസികാവസ്ഥയിലാണെന്ന് എനിക്ക് മനസ്സിലായില്ല. എന്നാൽ സച്ചിൻ അവിടെയെതത്തി നിങ്ങൾ രണ്ടുപേരും ഒരേ ടീമിനായി കളിക്കുന്നുവെന്ന് പറഞ്ഞ് ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി,” ശ്രീശാന്ത് പറഞ്ഞു.
“ഇന്ത്യക്ക് വേണ്ടി ഹാട്രിക് വിക്കറ്റ് നേടിയ മാച്ച് വിന്നറാണ് ഹർഭജൻ. ഞങ്ങൾ ഒരുമിച്ച് ഇന്ത്യക്കുവേണ്ടി ഒരുമിച്ച് ഇറങ്ങാനുള്ളവരായിരുന്നു. ഭാജി പായെ വിലക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,” ശ്രീശാന്ത് പറഞ്ഞു.
അന്നു രാത്രിയിൽ തന്നെ ഇരുവരും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടെന്നും കരിയറിലെ പിന്നീടുള്ള വിഷമഘട്ടങ്ങളിൽ ഹർഭജൻ സിങ്ങും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. “ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു. ഈ കഴിഞ്ഞ ഏഴു വർഷങ്ങളിൽ എന്റെ കൂടെ നിന്നത് അദ്ദേഹമാണ്. 2018 ൽ ദുലീപ് ട്രോഫിയിൽ നോർത്ത് ഇവിടെ (കേരളം) കളിച്ചപ്പോൾ, ഞാൻ ഭാജി പാ, ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ് എന്നിവരെ ഹോട്ടലിൽ സന്ദർശിച്ചിരുന്നു, ” അദ്ദേഹം പറഞ്ഞു.
Read More: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക്; പ്രതീക്ഷയോടെ താരം
2008 ഏപ്രിലിൽ കിങ്സ് ഇലവൻ പഞ്ചാബ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനു ശേഷമായിരുന്നു ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. ശ്രീശാന്തിന്റെ ടീമായ പഞ്ചാബായിരുന്നു മത്സരത്തിൽ അന്ന് വിജയിച്ചിരുന്നത്. തുടർന്ന് മുംബൈ ഇന്ത്യൻസ് താരമായ ഹർഭജനെ പരാജയത്തിന്റെ പേരിൽ കളിയാക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ശ്രീശാന്ത് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ബിസിസിഐ പ്രത്യേകം അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. സുധീന്ദ്ര നാനാവതിയുടെ നേതൃത്വത്തിലുള്ള കമ്മീഷന് മുന്നിലാണ് അന്ന് ശ്രീശാന്ത് മൊഴി നൽകിയത്.
ഈ വർഷം സെപ്റ്റംബറോടെ വിലക്ക് മാറി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് ടീമിലൂടെയാവും താരത്തിന്റെ പ്രൊഫഷണൽ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്. വരുന്ന രഞ്ജി ടീമിലേക്കായി കേരളം ശ്രീശാന്തിനെ പരിഗണിക്കുന്നുണ്ട്.
Read More: I was literally begging and crying not to ban Bhajji Paa: S Sreesanth on 2008 ‘slapgate’