ഏഴ് വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്തിയെങ്കിലും ഐപിഎല്ലിൽ തന്റെ സാനിധ്യം അറിയിക്കാൻ സാധിക്കാതെ പോവുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്. ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎൽ താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ബിസിസിഐ പുറത്തിറക്കിയ അന്തിമ പട്ടികയിൽ നിന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു.
ലേല പട്ടികയിൽ ഇടംനേടാനാകാഞ്ഞതിൽ പരാതിയോ നിരാശയോ ഇല്ലെന്ന് ശ്രീശാന്ത് പറഞ്ഞു. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെ എത്തിയത്. ഇനിയും അവസരങ്ങളെത്തുമെന്നും കാത്തിരിക്കാൻ ഒരുക്കമാണെന്നും ശ്രീശാന്ത് പറഞ്ഞു. അടുത്ത സീസണിൽ ഐപിഎല്ലിൽ എത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: IPL Auction: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്, അന്തിമ പട്ടികയിൽ 292 താരങ്ങൾ
1114 താരങ്ങളായിരുന്നു ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐപിഎൽ ഗവേണിംഗ് കൗൺസിലാണ് കളിക്കാരുടെ പട്ടിക വെട്ടിച്ചുരുക്കിയത്. എട്ട് ഫ്രാഞ്ചൈസികളിലായി 61 സ്ലോട്ടുകളിലേക്കാണ് താരലേലം. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വിലക്കിന് ശേഷം സയ്ദ് മുഷ്തഖ് അലി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്ത് തന്റെ പോരാട്ട വീര്യത്തിന് ഇനിയും കുറവ് സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചിരുന്നു. ടൂർണമെന്റിലെ വിക്കറ്റ് നേട്ടവും ആരാധകർക്കിടയിൽ ഏറെ ആഘോഷിക്കപ്പെട്ടു. എന്നാൽ ഇത്തവണ ഐപിഎൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.
Also Read: IPL Auction: ഐപിഎൽ താരലേലം; അന്തിമ പട്ടികയിൽ ഇടം നേടിയ മലയാളി താരങ്ങൾ ആരൊക്കെ?
അതേസമയം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ അടക്കമുള്ളവർ അന്തിമ പട്ടികയിൽ ഇടം നേടി. സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, എംഡി നിധീഷ്, കരുൺ നായർ, വിഷ്ണു വിനോദ് എന്നീ മലയാളികൾ പട്ടികയിൽ ഇടം നേടി. മൊത്തം 164 ഇന്ത്യൻ കളിക്കാരെയും 125 വിദേശ കളിക്കാരെയും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരെയും ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി.