ന്യൂഡൽഹി: കൊറോണ വൈറസ് കായിക ലോകത്തെയും നിശ്ചലമാക്കിയപ്പോൾ താരങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയാണ് ആരാധകരുമായി സമയം ചെലവഴിക്കുന്നത്. ലോക്ക്ഡൗണിൽ വീട്ടിൽ അടച്ചിരിക്കേണ്ടി വന്ന താരങ്ങൾക്കും ആരാധകർക്കും സമൂഹമാധ്യമങ്ങളിലെ ആ സംവാദം ഒരു ആശ്വാസം കൂടിയാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം ക്രിക്കറ്റർ ശ്രീശാന്തും ആരാധകരുമായി തത്സമയം സംവദിക്കാനെത്തി. രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ശ്രീശാന്ത് തന്റെ പ്രിയപ്പെട്ട നായകൻ ആരെന്ന് മനസ്സ് തുറന്നിരിക്കുകയാണ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായി ശ്രീശാന്ത് തിരഞ്ഞെടുത്തത് ഇന്ത്യയ്ക്ക് കന്നി ലോകകപ്പ് സമ്മാനിച്ച കപിൽ ദേവിനെയാണ്. 1983 ലെ ലോകകപ്പിൽ കപിൽ ദേവിന്റെ ചെകുത്താന്മാർ കരുത്തരായ വിൻഡീസിനെ കലാശ പോരാട്ടത്തിൽ കീഴടക്കി കിരീടം ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ആ നേട്ടം ഇന്ത്യയ്ക്ക് മുന്നിൽ നിന്ന് നയിച്ച് നേടിത്തന്ന കപിൽ ദേവാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട മികച്ച ഇന്ത്യൻ നായകനെന്ന് ശ്രീശാന്ത്.
Also Read: ധോണി കലവറയില്ലാതെ പിന്തുണച്ചത് ആ താരത്തെ; വെളിപ്പെടുത്തലുമായി യുവരാജ്
2011 ലോകകപ്പിൽ താൻ വളരെയധികം സമ്മർദത്തിലായിരുന്നെന്നും സച്ചിനും യുവരാജുമാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ടീമിലെ എല്ലാവരും തന്നെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ മാസ്റ്റർ ബ്ലാസ്റ്ററിനുവേണ്ടി ജയം ആഗ്രഹിച്ചിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു.
“അന്ന് ഞാൻ അൽപ്പം അസ്വസ്ഥനായിരുന്നു. പക്ഷേ സച്ചിൻ ടെൻഡുൽക്കറും യുവരാജ് സിങ്ങും എന്നെ പന്തെറിയാൻ പ്രേരിപ്പിച്ചു. സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പ് ആയിരുന്നതിനാൽ സച്ചിന് വേണ്ടി എന്ത് വിലകൊടുത്തും കിരീടം നേടണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. ആ മത്സരം ജയിക്കാൻ സാധിച്ചതും വലിയ അനുഗ്രഹമായി കാണുന്നു. ഇന്ത്യൻ ജെഴ്സിയിലുള്ള എന്റെ അവസാന മത്സരവും അതായിരുന്നു,” ശ്രീശാന്ത് പറഞ്ഞു.
Also Read: വിരാട് കോഹ്ലി, രോഹിത് ശർമ: ആരാണ് മികച്ച നായകൻ, കോറി ആൻഡേഴ്സൺ പറയുന്നു
നിലവിൽ ബിസിസിഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്ത് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ്. ഇംഗ്ലീഷ് താരം ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും 37-ാം വയസിലും ആൻഡേഴ്സന് സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്നുണ്ടെങ്കിൽ തനിക്കും അതിന് സാധിക്കുമെന്ന് ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.