കൊച്ചി: വർഷങ്ങൾ ക്രിക്കറ്റിൽ നിന്നും മാറ്റി നിർത്തപ്പെട്ട മലയാളി താരം ശ്രീശാന്ത് പിച്ചിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ്. സെപ്റ്റംബറിൽ വിലക്ക് മാറുന്നതോടെ വീണ്ടും ക്രിക്കറ്റിൽ സജീവമാകുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഫോം വീണ്ടെടുത്താൽ താരം കേരളത്തിനായി അടുത്ത സീസൺ കളിക്കുമെന്ന് മുഖ്യ പരിശീലകൻ ടിനു യോഹന്നാനും കെസിഎ അധികൃതരും വ്യക്തമാക്കിയതാണ്. ഇന്ത്യൻ ടീമിൽ വീണ്ടും കളിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നാണ് ശ്രീശാന്ത് പറയുന്നത്. 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നീലകുപ്പായത്തിൽ കളിക്കാമെന്ന വിശ്വാസമുണ്ടെന്നും ശ്രീ പറയുന്നു.

വാതുവയ്പ്പ് വിവാദത്തെ തുടർന്ന് 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിനെ ക്രിക്കറ്റിന്റെ എല്ലാ മേഖലയിൽ നിന്നും വിലക്കുന്നത്. 2013 ഐപിഎല്‍ സീസണില്‍ വാതുവയ്‌പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Also Read: വിടവാങ്ങൽ മത്സരത്തിൽ സച്ചിൻ പുറത്തായപ്പോൾ കണ്ണ് നിറഞ്ഞ യൂണിവേഴ്സൽ ബോസ്; ഗെയ്‌ലിനെക്കുറിച്ച് സഹതാരം

പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്‌സ്‌മാൻ വിലക്ക് ഏഴു വർഷമായി കുറയ്‌ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം.

Also Read: ഇന്ത്യയുടെ ലോകകപ്പ് വിജയം ഒത്തുകളിയിലൂടെയെന്ന വാദം ചോദ്യം ചെയ്ത് ജയവർധനെയും സംഗക്കാരയും

“2023 ലെ ലോകകപ്പിൽ എനിക്ക് കളിക്കാനാകുമെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. അത് ഉറച്ച വിശ്വസമാണ്. എന്റെ ലക്ഷ്യങ്ങളിൽ ഞാൻ എല്ലായ്പ്പോഴും യാഥാർത്ഥ്യബോധമില്ലാത്തവനായിരുന്നു, പക്ഷേ അത് മിക്ക അത്ലറ്റുകളിലും ഉണ്ട്. നിങ്ങൾക്ക് യാഥാർത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങളില്ലെങ്കിൽ, നിങ്ങൾ സാധാരണക്കാരനാകും,” ശ്രീശാന്ത് പറഞ്ഞു.

Also Read: വിദേശ മണ്ണിൽ ഇന്ത്യയെ വിജയിപ്പിക്കാൻ പ്രചോദിപ്പിച്ച നേതാവാണ് സൗരവ് ഗാംഗുലി: ശ്രീകാന്ത്

ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook