ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ മലയാളിയായ ടിനു യോഹന്നാന് കേരള ക്രിക്കറ്റില്‍ പുതിയ നിയോഗം. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ആരാധകരുടെ പ്രതീക്ഷയ്ക്കുമപ്പുറം പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ടീമിന്റെ പരിശീലകനായിട്ടാണ് അദ്ദേഹമെത്തുന്നത്. ഓസ്‌ട്രേലിയന്‍ താരമായ ഡേവ് വാട്ട്‌മോറിന് പകരമെത്തുന്ന ടിനു ഏഴ് വര്‍ഷത്തോളമായി ടീമിനൊപ്പമുണ്ട്. ബൗളിങ് പരിശീലകനായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 12 വര്‍ഷത്തോളം കേരള ടീമിനുവേണ്ടി കളിച്ചിട്ടുമുണ്ട്.
ഇരുപത്തിയൊന്നാം വയസില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി അരങ്ങേറിയ ടിനു യോഹന്നാൻ ആദ്യ മത്സരത്തിൽ തന്നെ പ്രതിഭ തെളിയിച്ചു. ഇംഗ്ലണ്ടിനെതിരെ 2001ൽ മൊഹാലിയിൽ നടന്ന മത്സരത്തിൽ ആദ്യ ഓവറിലെ നാലാം പന്തില്‍ വിക്കറ്റെടുത്ത ടിനു രണ്ട് ഓപ്പണര്‍മാരെ പുറത്താക്കുകയും ചെയ്തു. എന്നാൽ മൂന്ന് ടെസ്റ്റ് മാത്രമേ ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിനു കളിക്കാന്‍ സാധിച്ചുള്ളൂ. മൂന്ന് ഏകദിനങ്ങളും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി അഞ്ചുവിക്കറ്റ് വീതമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 145 വിക്കറ്റും ലിസ്റ്റ് എ മത്സരങ്ങളില്‍നിന്ന് 63 വിക്കറ്റും ടിനു വീഴ്ത്തിയിട്ടുണ്ട്. 61 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ ഏറ്റവും മികച്ച നേട്ടം.
ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനം നിലനിര്‍ത്താന്‍ ടിനുവിന് കഴിഞ്ഞില്ല. അന്ന് മാർഗനിർദേശം നൽകാനും ഇന്ത്യന്‍ ടീമിലെങ്ങനെ നിലനില്‍ക്കണമെന്നും പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
നാൽപ്പത്തിയൊന്നുകാരനായ ടിനുയോഹന്നാൻ പരിശീലകനായെത്തുമ്പോൾ കേരള ടീമിന്റെ പ്രതീക്ഷകളേറെയാണ്. ബൗളിങ് യൂണിറ്റാണു കേരള ടീമിന്റെ ശക്തി. ഇതിനുപിന്നിൽ പ്രവർത്തിച്ച ടിനു പരിശീലകനായി വരുന്നത് ഗുണം ചെയ്യുമെന്നാണു ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
ഐപിഎല്‍ വാതുവയ്പ്പ് വിവാദത്തില്‍പ്പെട്ട് ഏഴ് വര്‍ഷത്തെ വിലക്ക് നേരിടുന്ന ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് ടീമിലേക്കു പ്രതീക്ഷ പുലർത്തുന്നതിനിടെയാണു പരിശീലകനായി ടിനു യോഹന്നാൻ എത്തുന്നത്. സെപ്തംബറിൽ വിലക്ക് അവസാനിക്കുന്ന ശ്രീശാന്തിനെ ടീമിലേക്ക് പരിഗണിക്കുമെന്ന് ടിനു പറഞ്ഞു.
കേരളത്തിലെ കളിക്കാര്‍ കഴിവ് തെളിയിച്ചുവെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചാലേ ഇന്ത്യന്‍ ടീമിന്റെ വാതില്‍ക്കല്‍ മുട്ടാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയോഗത്തെക്കുറിച്ചും കേരള ടീമിന്റെ ഭാവിയെക്കുറിച്ചും ടിനു യോഹന്നാൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി സംസാരിക്കുന്നു.
കേരള ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കാൻ പോവുന്നു. പ്രതീക്ഷകളും പദ്ധതികളും എന്താണ്?
കേരള ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയായി കരുതുന്നു. 12 വര്‍ഷത്തോളം കളിച്ച ടീമിന്റെ പരിശീലകനായി തിരിച്ചുവരുന്നത് അംഗീകാരമാണ്. ചുമതലയും ഉത്തരവാദിത്തവും കൂടി. നല്ല നിലവാരത്തില്‍ നില്‍ക്കുന്ന ടീമാണ്. ഡേവ് വാട്ട്‌മോറിന്റെയും അതിനു മുമ്പുള്ള പരിശീലകരുടെയും പ്രയത്‌നത്തിന്റെ ഫലമായാണ് ടീം ഈയൊരു നിലവാരത്തിലെത്തിയത്. ആ നിലവാരത്തെ അങ്ങനെതന്നെ മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതലയുണ്ടെന്ന് അറിയാം. അതിനായി ഒരുങ്ങുന്നു.
ലോക്ക്ഡൗണ്‍ സാഹചര്യത്തെ ഉപയോഗപ്പെടുത്തി കളിക്കാരെ അടുത്ത സീസണിലേക്ക് തയാറെടുപ്പിക്കുകയെന്നതാണ് മുന്നിലുള്ള ലക്ഷ്യം. ഓണ്‍ലൈനായി അവരുമായി സമ്പര്‍ക്കം പുലര്‍ത്തി വേണ്ട ഉപദേശങ്ങള്‍ നല്‍കും.

താരങ്ങളുടെ അഭിപ്രായം ആരായേണ്ടതുണ്ട്. അവര്‍ ഇപ്പോള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കണം. അവര്‍ക്ക് എന്തിലാണ് ഫോക്കസ് ചെയ്യാനാണ് ആഗ്രഹമെന്ന് നോക്കണം. ഒരേ സമയം ഒരിടത്ത് അഞ്ചു പേരെ വച്ച് തയാറെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അഞ്ച് കളിക്കാരെ വീതം വിളിച്ച് ശാരീരിക, ആരോഗ്യസ്ഥിതി പരിശോധിക്കും. അതിനനുസരിച്ച് ഒരുമാസത്തേക്കുള്ള ഫിറ്റ്‌നസും സ്‌കില്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിശീലന പദ്ധതിയും കളിക്കാർക്കു നിർദേശിക്ക ണം. അപ്പോള്‍ അവര്‍ക്കൊരു ലക്ഷ്യമുണ്ടാകും.
Read Also: ധോണിയുടെ വിരമിക്കൽ: ട്വീറ്റുകൾക്ക് മറുപടിയുമായി സാക്ഷി ധോണി
വീട്ടിലും ചുറ്റുപാടുമുള്ള സൗകര്യം ഉപയോഗപ്പെടുത്തി കളിക്കാര്‍ പരിശീലനം നടത്തണം. കളി തുടങ്ങാൻ സര്‍ക്കാരിന്റെ നിര്‍ദേശം കിട്ടുന്നതുവരെ അടുത്ത സീസണിനുവേണ്ടി തയാറെടുക്കണം. കളി തുടങ്ങുന്നതു സംബന്ധിച്ച് ബിസിസിഐയില്‍നിന്നോ സംസ്ഥാന അസോസിയേഷനിൽനിന്നോ ഇതുവരെ നിര്‍ദേശം ലഭിച്ചിട്ടില്ല.
ശ്രീശാന്തിനെ ടീമിലേക്ക് പരിഗണിക്കുമോ?
ശ്രീശാന്തിനെ ടീമിലേക്ക് പരിഗണിക്കും. ഞങ്ങളെല്ലാവരും ശ്രീശാന്തിന് പിന്തുണ നല്‍കുന്നുണ്ട്. ശ്രീശാന്ത് തിരിച്ചുവരണമെന്നും കളിക്കണമെന്നതും എല്ലാവരുടെയും ആഗ്രഹമാണ്. ശ്രീശാന്ത് അതിനായി ഒരുങ്ങുന്നുണ്ട്. മറ്റു കളിക്കാരെ പോലെ ശ്രീശാന്തും ടീം സെലക്ഷൻ പ്രക്രിയയിലൂടെ കടന്നുപോ കേണ്ടിവരും.
ഏഴു വര്‍ഷമായി ശ്രീശാന്തുമായി സംസാരിക്കുന്നുണ്ട്. ഇന്നലെയും സംസാരിച്ചു. ശ്രീശാന്ത് പരിശീലിക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. കളിക്കാരുടെ ഫീഡ് ബാക്ക് എടുക്കുമ്പോള്‍ ശ്രീശാന്തിനെയും സമീപിക്കും.
തിരിച്ചുവരവിൽ ശ്രീശാന്തിനു പ്രായം തടസമാകുമോ?
ശ്രീശാന്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടാണ് വരുന്നത്. പ്രായം തടസമാണോയെന്ന് കളിച്ചു നോക്കിയിട്ടേ പറയാനാകൂ. അദ്ദേഹത്തിന് അടങ്ങാത്ത ആത്മവിശ്വാസവും കളിക്കാൻ ആഗ്രഹവുമുണ്ട്. അതുള്ളപ്പോള്‍ പ്രായത്തെ മറികടക്കാനുള്ള പ്രചോദനം ലഭിക്കും.
ടിനു, ശ്രീശാന്ത്, സഞ്ജു സാംസൺ, ബേസില്‍ തമ്പി എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ളത്. കേരള താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാതിരിക്കുന്നതിന് തടസമെന്താണ്?
ഒരു പ്രധാന കാരണം പ്രകടനമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നതാണു കാരണം. ജലജ് സക്‌സേനയെ പോലെയുള്ള കളിക്കാര്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. സന്ദീപ് വാര്യരുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പെര്‍ഫോര്‍മന്‍സ് മികച്ചതാണ്. പക്ഷേ, ദേശീയ ടീമില്‍ സ്ഥാനമില്ലാത്തൊരു പ്രശ്‌നമുണ്ട്. പ്രകടനം വച്ചു നോക്കുകയാണെങ്കില്‍ ജലജ് ഇന്ത്യന്‍ ടീമില്‍ നേരത്തേ കളിക്കേണ്ടതാണ്. എന്നാൽ നിലവില്‍ രവിചന്ദ്ര അശ്വിനെ പോലൊരു കളിക്കാരനെ മാറ്റിനിര്‍ത്താന്‍ പറ്റാത്തൊരു അവസ്ഥയുണ്ട്. അനന്തപത്മനാഭന്‍ കളിച്ചിരുന്ന സമയത്ത് ദേശീയ ടീമില്‍ അനില്‍ കുംബ്ലൈ ഉണ്ടായിരുന്നു. ജലജുള്ളപ്പോള്‍ അശ്വിനുണ്ട്.
പക്ഷേ, കൂടുതല്‍ കാണുന്നത് പെര്‍ഫോര്‍മന്‍സിന്റെ അഭാവമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാല്‍ നമുക്കവിടെ വാതിലില്‍ മുട്ടാന്‍ കഴിയും. ടീമില്‍ ഇടം പിടിക്കാന്‍ വേണ്ടത് കൂടുതൽ മത്സരങ്ങൾ കളിച്ച് മികച്ച പ്രകടനം കാഴ്ച വയ്ക്കലാണ്.
Read Also: കറുത്തവനായതിനാൽ ഞാനും തഴയപ്പെട്ടു; ക്രിക്കറ്റിലും വംശീയതയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ൽ
രഞ്ജിയിലും മറ്റു ടൂര്‍ണമെന്റുകളിലും കേരളം സ്ഥിരമായി ക്വാര്‍ട്ടര്‍, സെമി ഫൈനലൊക്കെ കളിച്ചാലല്ലേ നമുക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുകയുള്ളൂ. എന്നാലല്ലേ ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ വരികയുള്ളൂ?
കഴിഞ്ഞതിന്റെ മുന്‍ വര്‍ഷങ്ങളില്‍ നമ്മള്‍ ക്വാര്‍ട്ടറിലും സെമിയിലും എത്തിയിരുന്നു. കണ്ണുകള്‍ നമ്മുടെ കളിക്കാരുടെ മേലുണ്ട്. ഏഴോളം കളിക്കാര്‍ ഐപിഎല്‍ കളിക്കുന്നുണ്ട്. കളിക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ, അത് പ്രകടനമായി മാറ്റാന്‍ കഴിയേണ്ടതാണ് ആവശ്യം.
കേരള ടീമിന്റെ ശക്തിയും ദൗര്‍ബല്യവും എന്തൊക്കെയാണ്?
ശക്തി ബൗളിങ് യൂണിറ്റ് തന്നെയാണെന്ന് സംശയലേശമെന്യേ പറയാം. ബൗളർമാരുടെ പ്രകടനത്തിലാണ് നമ്മള്‍ എപ്പോഴും മത്സരങ്ങള്‍ വിജയിച്ചിട്ടുള്ളത്. പിന്നെ ജലജ് സക്‌സേനയെ പോലുള്ള ഓണ്‍റൗണ്ടർമാരുമുണ്ട്.
ദൗര്‍ബല്യമായി എന്തെങ്കിലും പറയാന്‍ പറ്റുമെങ്കില്‍ ഓപ്പണിങ് ബാറ്റിങ്ങാണ്. അത് ഇനിയും മെച്ചപ്പെടുത്താനുണ്ട്. സ്ഥിരമായിട്ടുള്ള ഓപ്പണർമാരെ കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. എപ്പോഴും കേരള ക്രിക്കറ്റിന് അതൊരു ദൗര്‍ബല്യമായിരുന്നു. ഇപ്പോഴുമത് തുടരുന്നു.
ഹൈ പെര്‍ഫോമന്‍സ് കോച്ചിങ് സെന്ററില്‍നിന്ന് പുതിയ ആരെങ്കിലും ടീമിലേക്കുണ്ടോ?
ഹൈ പെര്‍ഫോമന്‍സ് കോച്ചിങ് സെന്റര്‍ ഈ വര്‍ഷം തുടങ്ങിയിട്ടേയുള്ളൂ. ജൂനിയര്‍ ക്രിക്കറ്റ് മെച്ചപ്പെടുത്താന്‍ വേണ്ടി തുടങ്ങിയതാണ്. നൂറോളം കളിക്കാരെ നമ്മള്‍ വിലയിരുത്തിയിട്ടുണ്ട്. അവരെ ഗ്രൂം ചെയ്യാനുള്ള പദ്ധതിയുണ്ട്. രണ്ട്, മൂന്ന് വര്‍ഷം അവരെ ഗ്രൂം ചെയ്താലേ ഉയര്‍ന്ന തലത്തിലേക്ക് തയാറാക്കാന്‍ സാധിക്കുകയുള്ളൂ. അവിടെ നിന്നും വരാനുള്ളവര്‍ ആയിട്ടില്ല.
ഡേവ് വാട്ട്‌മോറുമായുള്ള പ്രവര്‍ത്തനാനുഭവം?
നല്ല അനുഭവമായിരുന്നു. അദ്ദേഹത്തിന് മുമ്പ് ചന്ദ്രകാന്ത് പണ്ഡിറ്റ്, സായ് രാജ് ബഹുതുലെ, ബാലചന്ദ്രന്‍ സര്‍ എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളമായിരുന്നു ഡേവ് വാട്ട്‌മോറിനൊപ്പം പ്രവര്‍ത്തിച്ചത്. അതല്ലാതെയും രണ്ടു വര്‍ഷത്തോളം അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങള്‍ വിലയിരുത്താനും പഠിക്കാനും അറിവ് നേടാനും സാധിച്ചു. ഓരോ സാഹചര്യത്തിലും കളിക്കാരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഐഡിയ കിട്ടി.
താങ്കളെ ഡേവ് വാട്ട്‌മോറുമായിട്ടാകും താരതമ്യം ചെയ്യുക
താരതമ്യമേയില്ല. ഒരു തരത്തിലും അത് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് വന്നതെന്നേയുള്ളൂ. കളിക്കാരെ പരസ്പരം താരതമ്യം ചെയ്യാന്‍ ആകാത്ത പോലെ പരിശീലകരെയും സാധിക്കില്ല. എല്ലാവരുടെയും ശൈലികള്‍ വ്യത്യസ്തമാണ്. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ചിന്തിക്കുന്നതിലും വ്യത്യാസമുണ്ടാകും. പക്ഷേ, അവസാനം അവരുണ്ടാക്കുന്ന ഫലത്തിലാണ് കാര്യമുള്ളത്. എത്രത്തോളം ഫലമുണ്ടാക്കുന്നുവെന്നതാണ് കണക്കിലെടുക്കുക.
ചെറിയ ചെറിയ കാര്യങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, നന്നായി തയാറെടുക്കാന്‍ കഴിഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് എന്റെ വിശ്വാസം.
വാട്ട്‌മോര്‍ പ്ലെയര്‍മാന്‍ ആയിരുന്നു. കളിക്കാരെ പരമാവധി പിന്തുണയ്ക്കുന്ന ഒരാളായിരുന്നു. ഞാനും അങ്ങനെ തന്നെയാണ്. കളിക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്തു നല്‍കുക. അവര്‍ക്ക് മികച്ച സാഹചര്യങ്ങള്‍ നല്‍കുക.
കളിക്കാരാണ് ഗ്രൗണ്ടില്‍ പോയി ചെയ്യേണ്ടത്. കളിക്കാരുടെ മേലാണ് സമ്മര്‍ദ മുള്ളത്. അവരെ ഒരുക്കുകയെന്നത് മാത്രമാണ് പരിശീലകന്റെ ജോലി. അതൊക്കെയാണ് എന്റെയൊരു ശൈലി. വാട്ട്‌മോറും അങ്ങനെയായിരുന്നു.
Read Also: മെസ്സി തന്നെ ഒന്നാമൻ: ക്രിസ്റ്റ്യാനോ ഇല്ലാതെ റൊണാൾഡോയുടെ ടോപ് ഫൈവ് ലിസ്റ്റ്
വാട്ട്‌മോര്‍ പുറത്തുനിന്നുള്ളയാള്‍ ആയതിനാല്‍ കേരള ടീമിന്റെ സംസ്കാരവും നടത്തിപ്പും അറിഞ്ഞുവരാന്‍ കുറച്ച് സമയമെടുത്തിരുന്നു. എനിക്കതിന്റെ ആവശ്യമില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ടീമിനൊപ്പമുള്ളയാളാണ് ഞാന്‍. അതൊരു നേട്ടമാണ്. കളിക്കാരെ നന്നായി അറിയാമെന്നതും അവരുടെ കൂടെ കളിച്ചിട്ടുള്ളതും ഗുണം ചെയ്യും. അവരുടെ കരിയറിന്റെ ഭാഗമായി നില്‍ക്കാനും സാധിച്ചിട്ടുണ്ട്. അതൊരു വലിയ ഭാഗ്യമാണ്. എല്ലാവരുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തുന്നുണ്ട്. അവരെ സഹായിക്കുക എന്നത് മാത്രമാണ് എന്റെ ചുമതല.
ടീമിലെ ഒട്ടുമിക്ക കളിക്കാരും കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. അവര്‍ ഇനി പ്രകടനം കാഴ്ച വയ്ക്കുകയാണ് വേണ്ടത്.
ടീമിലേക്കു പുറത്തുനിന്ന് ആളെ കൊണ്ടുവരുമോ?
ഇല്ല. ജലജും റോബിന്‍ ഉത്തപ്പയും മാത്രമേയുള്ളൂ. ഭരണതലത്തിൽ എടുക്കേണ്ട തീരുമാനമാണത്. പക്ഷേ, പുതുതായി ആരെയെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയാതെ പോയതിനു കാരണം?
പ്രകടനം തന്നെയാണ് കാരണം. അവിടത്തെയൊരു സമ്മര്‍ദം താങ്ങാന്‍ കഴിയാതെ പോയി. ടീമിൽ എങ്ങനെ നിലനില്‍ക്കണമെന്ന അറിവില്ലായ്മ തുടങ്ങിയ കാരണമുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അവർ കിട്ടുന്ന സാഹചര്യങ്ങള്‍ വളരെ ഫലപ്രദമായി മുതലാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്.
എനിക്ക് പറ്റിയ തെറ്റുകള്‍ അവര്‍ക്ക് പറ്റരുത്. അവര്‍ക്കത് പകര്‍ന്നുനല്‍കാന്‍ അന്നത്തെ അനുഭവങ്ങള്‍ സഹായമാകുന്നുണ്ട്.
ഒരു മെന്റര്‍ താങ്കള്‍ക്കില്ലാതെ പോയെന്നാണോ?
അതൊരു പക്ഷേ ആകാം. അന്ന് കേരളത്തില്‍ നിന്നും ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുള്ള ആരും ഉണ്ടായിരുന്നില്ല. അപ്പോള്‍ ടീമില്‍ എങ്ങനെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യണം, നമ്മുടെ മാനസിക നില എങ്ങനെയായിരിക്കണം, തയാറെടുപ്പുകള്‍ എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞുതരാന്‍ അധികം ആരുമുണ്ടായില്ല. അതൊരു ഒഴിവുകഴിവായി പറയുകയല്ല. പക്ഷേ, അങ്ങനെയൊരു ആളുണ്ടായിരുന്നുവെങ്കില്‍ സഹായകരമായേനെയെന്ന് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു.
അന്ന് പ്രായം ഇരുപത്തിയൊന്നായിരുന്നു. 25-26 വയസുള്ള ഒരു കളിക്കാരനെ പോലെ പക്വത പ്രാപിച്ചിരുന്നില്ല. നമ്മുടേതായ ചിന്തയില്‍ നിന്നുപോയ സമയങ്ങളുണ്ട്. ആ നിലയിലെത്തുമ്പോള്‍ ഒരു മെന്റര്‍ ഉണ്ടാകുന്നത് നല്ലതാണ്.
ആദ്യ കളിയില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താങ്കളെ വിശ്വസിക്കാവുന്ന ബൗളറായി വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനു കഴിഞ്ഞില്ലേ?
അങ്ങനെയാരു സാഹചര്യമായിരുന്നില്ല. പക്ഷേ, രണ്ടു വര്‍ഷത്തോളം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. എന്നാലും ആ ഒരു അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല.