തിരുവനന്തപുരം: ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിൽ സജീവമാകുന്നു. ശ്രീശാന്ത് ഈ വർഷം കേരള ക്രിക്കറ്റ് ടീമിൽ കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. സെപ്‌റ്റംബറിൽ വിലക്ക് തീർന്നാൽ കേരള ടീം ക്യാംപിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി.നായർ പറഞ്ഞു. ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന കടമ്പയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.
താൻ ക്രിക്കറ്റിൽ വീണ്ടും സജീവമാകുമെന്നും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട മലയാളി താരമാണ് ശ്രീശാന്ത്. ഇന്ത്യൻ ടീമിൽ സജീവസാന്നിധ്യമായിരുന്ന സമയത്താണ് ഒത്തുകളി ആരോപണം ശ്രീശാന്തിനു തിരിച്ചടിയായത്.
Read Also: ശ്രീശാന്ത് തിരിച്ചുവരണം, ടീമിലേക്കു പരിഗണിക്കും: ടിനു യോഹന്നാന്‍
2013 ഐപിഎല്‍ സീസണില്‍ വാതുവയ്‌പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല.
പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്‌സ്‌മാൻ വിലക്ക് ഏഴു വർഷമായി കുറയ്‌ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം. ഇന്ത്യൻ ടീമിൽ തിരികെ എത്താൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ടെസ്റ്റിൽ 100 വിക്കറ്റ് തികയ്‌ക്കാൻ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറയുന്നു. സെപ്‌റ്റംബറിൽ വിലക്ക് തീർന്നശേഷമായിരിക്കും ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുക. കേരള ടീമിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ ഇന്ത്യൻ ടീമിലേക്കും വഴിതുറക്കും.