കൊച്ചി: വാതുവയ്പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങൾ പുഃനരാരംഭിക്കുമ്പോൾ ശ്രാശാന്തും കളത്തിലെത്തും. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമിൽ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. 26 അംഗ ടീമിനെയാണ് നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കെസിഎ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിലൂടെ താരം മടങ്ങിയെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ടൂർണമെന്റ് നീട്ടിവെച്ചതോടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് നീണ്ടേക്കുമെന്ന അനിശ്ചിതത്വങ്ങൾക്കിടയിലാണ് താരം ഇപ്പോൾ കേരള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിലവിൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ ടീമിലുണ്ട്. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച റോബിൻ ഉത്തപ്പയും ജലജ് സക്സേനയും സാധ്യത ടീമിലുണ്ട്.
ജനുവരി 10 മുതൽ 31 വരെയാണ് ടൂർണമെന്റ് നടക്കുകയെന്നാണ് വിവരം. അതേസമയം, വേദി ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾ ബയോ സെക്യുർ ബബിളിൽ പ്രവേശിക്കുമെന്നാണ് വിവരം.
സാധ്യതാ ടീം: റോബിൻ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, പി.രാഹുൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹിൻ കുന്നുമ്മൽ, സച്ചിൻ ബേബി, സൽമാൻ നിസാർ, ബേസിൽ തമ്പി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എൻ.പി. ബേസിൽ, അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, എസ്. മിഥുൻ, അഭിഷേക് മോഹൻ, വത്സൽ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, പി.കെ. മിഥുൻ, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം.അരുൺ
ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.