scorecardresearch
Latest News

തോറ്റു പിന്മാറില്ല; ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമെന്ന് ശ്രീശാന്ത്

ഇംഗ്ലീഷ് താരം ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും 37-ാം വയസിലും ആൻഡേഴ്സന് സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്നുണ്ടെങ്കിൽ തനിക്കും അതിന് സാധിക്കുമെന്ന് ശ്രീശാന്ത് പറയുന്നു

തോറ്റു പിന്മാറില്ല; ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമെന്ന് ശ്രീശാന്ത്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട മലയാളി താരം ശ്രീശാന്ത് വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഇംഗ്ലീഷ് താരം ജിമ്മി ആൻഡേഴ്സനാണ് തന്റെ മാതൃകയെന്നും 37-ാം വയസിലും ആൻഡേഴ്സന് സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്നുണ്ടെങ്കിൽ തനിക്കും അതിന് സാധിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് വീണ്ടും ദേശീയ ടീമിലേക്കുള്ള സാധ്യതകളെക്കുറിച്ച് വാചാലനായത്.

അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുതെന്ന അച്ഛന്റെ ഉപദേശമാണ് തന്റെ വഴികാട്ടിയെന്നും ശ്രീശാന്ത് പറഞ്ഞു. ബോളിങ്ങിലെ സ്ഥിരതയിൽ മാത്രമല്ല ആത്മവിശ്വാസത്തിന്റേയും ജോലിയോടുള്ള മനോഭാവത്തിന്റെയും കാര്യത്തിലും ആൻഡേഴ്സൻ തന്നെയാണ് തന്റെ മാതൃകയെന്ന് ശ്രീശാന്ത് പറയുന്നു.

Also Read: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്

“എന്റെ ആജീവനാന്ത വിലക്ക് പിൻവലിച്ചതോടെ പുതിയൊരു ഇന്നിങ്സിലേക്ക് കടക്കുകയാണ് ഞാൻ. ആൻഡേഴ്സന് സാധിക്കുമെങ്കിൽ തീർച്ചയായും എനിക്കും സാധിക്കും. ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. കുറഞ്ഞത് രണ്ടു സീസണെങ്കിലും ഏതെങ്കിലും കൗണ്ടിക്കായി കളിക്കാമെന്നും പ്രതീക്ഷിക്കുന്നു” ശ്രീശാന്ത് പറഞ്ഞു.

2013 ഐപിഎല്‍ സീസണില്‍ വാതുവയ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല.

Also Read: മൂന്ന് ദിവസം, 11 മത്സരങ്ങള്‍, അഞ്ച് സ്വര്‍ണ മെഡലുകള്‍; പി ടി ഉഷ ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ സുവര്‍ണ നിമിഷങ്ങള്‍ ഓര്‍ക്കുന്നു

പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയായിരുന്നു. ഇതനുസരിച്ച് ഈ സെപ്റ്റംബർ മുതൽ ശ്രീശാന്തിന് വീണ്ടും കളത്തിലിറങ്ങാം. ഇന്ത്യൻ ടീമിൽ തിരികെ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുകയാണ് ആഗ്രഹമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sreesanth believes he can be back in indian national team