ഒരു ഇടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വാതുവെപ്പ് വിവാദം. 2011ലെ ഏകദിന ലോകകപ്പിലും 2012ലെ ട്വന്റി-20 ലോകകപ്പിലും ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ വാതുവെപ്പ് നടന്നതായാണ് പുതിയ വെളിപ്പെടുത്തൽ. അല്‍ ജസീറ ചാനൽ നിർമ്മിച്ച ‘ക്രിക്കറ്റ് മാച്ച് ഫിക്സേഴ്സ്’ എന്ന ഡ്യോക്യുമെന്ററിയിലൂടെയാണ് വെളിപ്പെടുത്തൽ. ക്രിക്കറ്റ് താരങ്ങളുടയും ഇടനിലക്കാരുടെയും ഫോൺകോളുകൾ ഉൾപ്പെടെയുള്ള തെളിവുകളും ഡോക്യുമെന്ററിയിൽ ഉണ്ട്.
2011-2012 കാലഘട്ടത്തിൽ ഏകദിന ലോകകപ്പിലെ അഞ്ച് മത്സരങ്ങളിലും ടി20 ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും വാതുവെപ്പ് നടന്നതിന്റെ തെളിവുകൾ ഉണ്ടെന്നും അല്‍ജസീറ വെളിപ്പെടുത്തുന്നു. വാതുവെപ്പില്‍ ഏഴ് മത്സരങ്ങളിൽ ഇംഗ്ലീഷ് താരങ്ങളും അഞ്ച് മത്സരങ്ങളിൽ ഓസ്ട്രേലിയന്‍ താരങ്ങളും മൂന്ന് മത്സരങ്ങളിൽ പാക്കിസ്ഥാന്‍ താരങ്ങളും ഒരു മത്സരത്തിൽ മറ്റുള്ള രാജ്യത്തെ കളിക്കാരനും പങ്കാളികളായതായും ഡോക്യുമെന്ററിയില്‍ പറയുന്നു. 15 അന്താരാഷ്ട്ര മത്സരങ്ങളിൽ വാതുവെപ്പ് നടന്നതിന് തെളിവുകൾ ഉണ്ടെന്നും അൽ ജസീറ അവകാശപ്പെടുന്നു.
വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീൽ മുനവറുമായി നടത്തുന്ന രഹസ്യ സംഭാഷണങ്ങളിൽ നിന്നുമാണ് വാതുവെപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായതെന്ന് ചാനല്‍ പറയുന്നു. ഒളിക്യാമറയിൽ പകർത്തിയ അനീൽ മുനവറിന്റെ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാതുവെപ്പ് അധോലോകത്ത് വലിയ ബന്ധങ്ങളുള്ള വ്യക്തിയാണ് അനീൽ മുനവർ.
മത്സരത്തിന്റെ 60 മുതൽ 70 ശതമാനം വരെ വാതുവെപ്പുമായി ബന്ധപ്പെട്ട് നിയന്ത്രിക്കാനാകുമെന്ന് മുനവർ അവകാശപ്പെടുന്നു. മത്സരം പൂര്‍ണമായും ഒത്തുകളിക്കുന്നതിന് പകരം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന സ്പോട്ട് ഫിക്സിങാണ് ഈ മത്സരങ്ങളിലെല്ലാം നടന്നത്. സ്പോട് ഫിക്സിങ്ങിന്റെ ഭാഗമായി ബാറ്റ്സ്മാൻമാർ സ്വാഭാവികം അല്ലാത്ത രീതിയിൽ പ്രകടനം നടത്തിയതായാണ് ചാനലിന്റെ കണ്ടെത്തൽ.
ഫോൺ സംഭാഷണങ്ങളിൽ മുനവർ നടത്തുന്ന 26 പ്രവചനങ്ങളിൽ 25 എണ്ണവും ശരിയായിട്ടുണ്ട് എന്നതാണ് സ്പോട് ഫിക്സിങ് നടന്നതിനുള്ള ഏറ്റവും വലിയ തെളിവ്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ഉൾപ്പടെയുള്ള പല പ്രമുഖ താരങ്ങള്‍ക്കൊപ്പം മുനവർ നില്‍ക്കുന്ന ചിത്രവും ചാനല്‍ ഡോക്യുമെന്ററിയിലൂടെ പുറത്ത് വിട്ടു. ഇയാൾ താരങ്ങളെ കാണാന്‍ ശ്രമിച്ചതായും ഇരുവരേയും ചുറ്റിപ്പറ്റി നടന്നതായും ഡോക്യുമെന്ററിയില്‍ പറയുന്നു. ഒപ്പം വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് താരങ്ങളെ സമീപിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളും ഉണ്ട്. എന്നാൽ ഈ താരങ്ങൾക്ക് വാതുവെപ്പുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലും വാതുവെപ്പ് ശ്രമങ്ങൾ നടന്നുവെന്നും, താരങ്ങൾ കൂടുതൽ പണം അവശ്യപ്പെട്ടതിനാൽ ഡീൽ ഉപേക്ഷിക്കുകയാണെന്നും മുനവർ ഫോൺ സംഭാഷണത്തിൽ പറയുന്നു. സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ചാനല്‍ അറിയിച്ചു. അതേസമയം, വിഷയത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook