ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി കാപിറ്റൽസ് മത്സരത്തിൽ ഡൽഹിക്ക് നാല് വിക്കറ്റ് ജയം.
കൊൽക്കത്ത ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 20 ഓവർ അവസാനിക്കാൻ ആറ് പന്ത് ശേഷിക്കേ ഡൽഹി മറികടന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് ഡൽഹി നേടിയത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി.
കൊൽക്കത്തക്ക് വേണ്ടി നിതീഷ് റാണ അർദ്ധ സെഞ്ചുറി നേടി. 34 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 57 റൺസാണ് റാണ നേടിയത്. കാപ്റ്റൻ ശ്രേയസ് അയ്യർ 37 പന്തിൽ നിന്ന് 42 റൺസ് നേടി.
ഓപ്പണർമാരായ ആരോൺ ഫിഞ്ചും വെങ്കടേശ് അയ്യരും മൂന്നും ആറും റൺസെടുത്ത് പുറത്തായി. ബാബ ഇന്ദ്രജിത്ത് ആറ് റൺസെടുത്തു. സുനിൽ നരൈനും ആന്ദ്രെ റസലും ടിം സൂത്തിയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. റിങ്കു സിങ് 23 റൺസ് നേടി.
ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റും മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റും വീഴ്ത്തി. അഷർ പട്ടേലും ചേതൻ സകരിയയും ഓരോ വിക്കറ്റ് വീഴ്ത്തി.