കരൾ രോഗം ബാധിച്ചർക്ക് ചികിത്സ സഹായം നൽകാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒരുങ്ങുന്നു. ഹെപ്പറ്റൈറ്റിസ് സി എന്ന കരൾ രോഗം ബാധിച്ചവർക്കായി ചികിത്സ ഒരുക്കാൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്‌ത് തയാറാക്കിയ പദ്ധതിയെ സഹായിക്കാനാണ് ലയണൽ മെസ്സി എത്തുന്നത്. ഈജിപ്‌ഷ്യൻ സർക്കാരിന്റെ ടൂറിസം വകുപ്പാണ് കരൾ വീക്കം ബാധിച്ചവരെ സഹായിക്കാൻ പുതിയ പദ്ധതി തയാറാക്കിയത്.
ചികിത്സയ്ക്കായി ഈജിപ്തിൽ എത്തുന്നവർക്ക് ഫൈസ്റ്റാർ ഹോട്ടലിൽ താമസവും ഈജിപ്‌തിലെ ചരിത്ര നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരവും നൽകുന്നുണ്ട്. എല്ലാ രാജ്യക്കാർക്കും സൗജന്യമായാണ് ചികിത്സ നൽകുന്നത്. ടൂറിസം വകുപ്പിന്റെ ഈ സ്വപ്നപദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയാണ്. ടൂർ എൻ ക്യൂർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രചാരണത്തിനായി മെസ്സി ഈജിപ്ത്ത് സന്ദർശിക്കും എന്ന് സർക്കാർ അറിയിച്ചു.
നല്ല ചികിത്സകൊണ്ട് കരൾരോഗങ്ങളെ പ്രതിരോധിക്കാമെന്ന് ലയണൽ മെസ്സി തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരുന്നു. സന്നദ്ധ പ്രവർത്തനങ്ങൾക്ക് എന്നും മുൻകൈ എടുക്കുന്ന താരമാണ് ലയണൽ മെസ്സി. ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ലയണൽ മെസ്സി ഫൗണ്ടേഷൻ എന്നൊരു സംഘടനയും താരം രൂപീകരിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 5 ലക്ഷത്തോളം ആളുകളാണ് കരൾരോഗ ബാധയെത്തുടർന്ന് ഓരോ വർഷവും മരിക്കുന്നത്.