scorecardresearch

കഴിഞ്ഞ വർഷം കളിക്കളത്തോട് വിടപറഞ്ഞ പ്രധാന താരങ്ങൾ

കായിക ലോകത്ത് ശക്തമായ സാനിധ്യമറിയിച്ച ശേഷം കഴിഞ്ഞ വർഷം കളിക്കളം വിട്ട താരങ്ങൾ

കഴിഞ്ഞ വർഷം കളിക്കളത്തോട് വിടപറഞ്ഞ പ്രധാന താരങ്ങൾ

കായിക ലോകത്ത് സംഭലബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. ഫിഫ ഫുട്ബോൾ ലോകകപ്പും ഹോക്കി ലോകകപ്പുമെല്ലാം കായിക മേഖലയെ കഴിഞ്ഞ വർഷം സമ്പന്നമാക്കി. കായികലോകത്ത് നിന്നും ഒരുപാട് പേരുടെ വിരമിക്കലിനും 2018 സാക്ഷിയായി. ക്രിക്കറ്റിലും ഫുട്ബോളിലുമെല്ലാം ഇതിഹാസങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചു.

ഏ.ബി ഡി വില്ല്യേഴ്‍സ്

ഏ.ബി ഡി വില്ല്യേഴ്‍സ്

ക്രിക്കറ്റ് ലോകത്തെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്കാൻ ഇതിഹാസം ഏ.ബി ഡി വില്ല്യേഴ്സിന്റേത്. അപ്രതീക്ഷിതമായിരുന്നു ഡി വില്ല്യേഴ്സിന്റെ വിരമിക്കൽ പ്രഖ്യാപനം. ശക്തമായ ടീമായിരുന്നിട്ടും പ്രധാന കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയാത്ത രാജ്യമെന്ന ദക്ഷിണാഫ്രിക്കയുടെ ചീത്തപ്പേര് മായിക്കാൻ കഴിയാതെയാണ് ഡി വില്ല്യേഴ്സും പടിയിറങ്ങിയത്.

ടെസ്റ്റില്‍ 50.66 ശരാശരിയില്‍ 8765 റണ്‍സാണ് 114 മത്സരങ്ങളിൽ നിന്ന് ഡി വില്ല്യേഴ്സിന്റെ സമ്പാദ്യം. ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോഴായിരുന്നു ഡി വില്ല്യേഴ്സിന്റെ വിരമിക്കൽ. 228 ഏകദിന മത്സരങ്ങളിൽ നിന്ന് 9577 റണ്‍സ് നേടിയ താരം 22 ടെസറ്റ് സെഞ്ചുറികളും 25 ഏകദിന സെഞ്ചുറികളും തികച്ചു.

ഏകദിനത്തിലെ അതിവേഗ അർദ്ധസെഞ്ചുറി, സെഞ്ചുറി, 150 റൺസ് എന്നീ റെക്കോർഡുകൾ ഇന്നും ഈ ദക്ഷിണാഫ്രിക്കാൻ വെടിക്കെട്ട് ബാറ്റ്സ്മാന്റെ പേരിലാണ്.

Read Also: ഈ വര്‍ഷം ഇവരുടേതാണ്; 2018 ന്റെ താരങ്ങള്‍

ആന്ദ്രെ ഇനിയെസ്റ്റ

ആന്ദ്രെ ഇനിയെസ്റ്റ

സ്‍പാനിഷ് ഫുട്ബോൾ ഇതിഹാസം ആന്ദ്രെ ഇനിയെസ്റ്റയാണ് വിരമിക്കൽ പ്രഖ്യാപനത്തിലൂടെ കായികലോകത്തെ ഞെട്ടിച്ച മറ്റൊരു താരം. ലോകകപ്പിൽ ക്വാര്‍ട്ടറിലെത്താതെ സ്‍പെയിന്‍ പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കൽ. അതിനുമുമ്പ് തന്നെ ബാഴ്സയിലെ 16 വർഷത്തെ കളി ജീവിതത്തിനും ഇനിയെസ്റ്റ അന്ത്യം കുറിച്ചിരുന്നു.

സ്‌പെയിന്റെ സുവർണ തലമുറയിലെ അവസാന കണ്ണിയായിരുന്നു ഇനിയെസ്റ്റ. സ്‌പെയിന് വേണ്ടി 131 മൽസരങ്ങള്‍ കളിച്ചിട്ടുള്ള താരം 2010 ലോകകപ്പ് ഫൈനലിലെ വിജയഗോളടക്കം നിരവധി ഗോളുകളും നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളി മെനയുന്നതില്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു ഇനിയെസ്റ്റ. 2008 ലും 2012 ലും യൂറോ കപ്പ് നേടിയ സ്‌പാനിഷ് ടീമിന്റെയും, 2010 ല്‍ ലോകകപ്പ് നേടിയ ടീമിന്റെയും നെടും തൂണായിരുന്നു ഇനിയെസ്റ്റ.

Read Also: ഐപിഎല്‍ താരലേലം: കോടിക്കിലുക്കം കൊണ്ട് ഞെട്ടിച്ച ഇന്ത്യന്‍ യുവതാരങ്ങള്‍ ഇവര്‍

അലിസ്റ്റർ കുക്ക്

അലിസ്റ്റർ കുക്ക്

ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു മുൻ ഇംഗ്ലീഷ് നായകൻ അലിസ്റ്റർ കുക്കിന്റേത്. 2006-ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച കുക്ക്, ഇംഗ്ലീഷ് ബാറ്റിങ് നിരയിലെ നിർണ്ണായക സാന്നിധ്യമായിരുന്നു.

33 കാരനായ താരം ഇം​ഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ടെസ്റ്റിൽ തന്നെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമതാണ് കുക്ക്. കരിയറിൽ 160 ടെസ്റ്റുകളിൽ നിന്നായി 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. 32 സെഞ്ചുറികളും ഇതിലുൾപ്പടും. 92 ഏകദിനങ്ങളിലും പാഡ് കെട്ടിയ അദ്ദേഹം ഏകദിനത്തിൽ 3204 റൺസും നേടിയിട്ടുണ്ട്. 59 ടെസ്റ്റ് മത്സരങ്ങളിൽ ഇം​ഗ്ലണ്ടിനെ നയിച്ചതും കുക്ക് തന്നെയാണ്.

Read Also: ഐ പി എൽ: ടീമുകൾ നിലനിർത്തിയ താരങ്ങൾ

മെസ്യൂത് ഓസിൽ

മെസ്യൂത് ഓസിൽ

കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കികൊണ്ടായിരുന്നു ജർമ്മൻ മിഡ്ഫീൽഡർ മെസ്യൂത് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചത്. വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഒടുവിലാണ് ഓസിൽ രാജ്യന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്. റഷ്യൻ ലോകകപ്പിന്‍റെ കിക്കോഫിന് മുമ്പേ തുടങ്ങിയ വംശീയാധിക്ഷേപത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

2014ല്‍ ജര്‍മ്മനിക്ക് ലോകകപ്പ് നേടികൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മെസ്യൂത് ഓസില്‍. തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനെ മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ജര്‍മനിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. പിന്നാലെ ജര്‍മ്മനി ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായതോടെ കൂടുതല്‍ പഴി കേട്ടതും ഓസിലായിരുന്നു. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. എന്നാൽ, ക്ലബ് ഫുട്ബോളിൽ താരം ഇപ്പോഴും സജീവമാണ്.

Read Also: ‘ആരാധകർ തന്നെ ഉടമകൾ’; കാൽപ്പന്തിന്റെ മൈതാനത്ത് ചരിത്രമെഴുതാൻ ട്രാവൻകൂർ റോയൽസ്

അനൂപ് കുമാർ

അനൂപ് കുമാർ

ഒരുകാലത്ത് ഇന്ത്യൻ കബഡിയുടെ മറുപേരായിരുന്നു മുൻ നായകൻ കൂടിയായ അനൂപ് കുമാർ. കബഡി കോർട്ടിൽ നിന്നും താരത്തിന്റെ പടിയിറക്കവും 2018ൽ ആയിരുന്നു. നീണ്ട 15 വർഷത്തെ കരിയറിനാണ് അനൂപ് അവസാനം കുറിച്ചത്.

ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച നായകനാണ് അനൂപ് കുമാർ. 2016ൽ അനൂപിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം കിരീടം ഉയർത്തുകയായിരുന്നു. മൂന്ന് ഏഷ്യൻ ഗെയിംസ് സ്വർണ്ണവും കബഡിയിൽ നേടിയിട്ടുണ്ട്.

Read Also: മെൽബണിൽ ചരിത്രമെഴുതി കോഹ്‍ലിപ്പട; തിരുത്തിയത് ഒരുപിടി റെക്കോർഡുകൾ

ഗൗതം ഗംഭീർ

ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിനെ ഒരു കാലത്ത് ഗാംഭീര്യത്തോടെ നയിച്ച ഗൗതം ഗംഭീറിന്റെ ക്രിക്കറ്റിൽ നിന്ന് വിരമിക്കലായിരുന്നു ഈ വർഷം കായിക ലോകത്ത് നിന്നുള്ള മറ്റൊരു പ്രധാന വാർത്ത. നീണ്ട 15 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് ഗംഭീർ ഇതോടെ അവസാനം കുറിച്ചിരിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലുമായി ഇന്ത്യക്ക് വേണ്ടി പതിനായിരത്തിലധികം റൺസ് നേടിയ താരമാണ് ഗംഭീർ. ഇന്ത്യക്കായി 58 ടെസ്റ്റ് മത്സരങ്ങൾ കളിച്ച 4154 റൺസ് നേടിയപ്പോൾ, 147 മത്സരങ്ങളിൽ ഇന്ത്യയുടെ നീലകുപ്പായത്തിൽ താരം അടിച്ചുകൂട്ടിയത് 5238 റൺസാണ്. 37 ടി20 മത്സരങ്ങളിൽ നിന്നും 932 റൺസും നേടി.

ഇന്ത്യ ലോകകിരീടം ഉയർത്തിയ 2011ൽ ടീമിലെ നിർണ്ണായക സാനിധ്യമായിരുന്നു ഗംഭീർ. ലോകകപ്പ് ഫൈനൽ മത്സരത്തിൽ അതിവേഗം ഇന്ത്യയുടെ ഓപ്പണർമാർ മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഗംഭീർ. സെഞ്ചുറിക്കരികിൽ ഗംഭീർ വീണെങ്കിലും വിജയതീരത്ത് ഇന്ത്യയെ എത്തിക്കുന്നതിൽ ഗംഭീറിന്റെ ഇന്നിങ്സ് നിർണ്ണായകമായിരുന്നു.

Read Also: ഗൗതം ഗംഭീർ വിരമിച്ചു

ഡേവിഡ് സിൽവ

ഡേവിഡ് സിൽവ

സ്പെയിനിന്റെ മധ്യനിര താരം ഡേവിഡ് സിൽവയും രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച വർഷമാണ് കടന്നുപോകുന്നത്. 2010 ൽ ലോകകപ്പ് നേടിയ സ്പെയിൻ ടീമിൽ സിൽവ അംഗമായിരുന്നു. ലോകകപ്പിന് പുറമെ രണ്ട് യൂറോപ്യൻ കിരീട (2008, 2012) നേട്ടത്തിലും സിൽവ സ്പെയിൻ ടീമിൽ അംഗമായി.

സ്പെയിനിന്റെ ജൂനിയർ ടീമുകൾക്കായി കളിച്ചു തുടങ്ങിയ സിൽവ 2006 ലാണ് ദേശിയ സീനിയർ ടീമിലേക്കെത്തുന്നത്. രാജ്യത്തിനായി 125 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സിൽവ 35 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. വാലെൻസിയയിലൂടെ ക്ലബ്ബ് ഫുട്ബോളിൽ എത്തിയ സിൽവ 2010ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. സിറ്റിക്കായി 249 മത്സരങ്ങളിൽനിന്നും 48 ഗോളുകൾ നേടിയിട്ടുണ്ട്.

 

മുനാഫ് പട്ടേൽ

മുനാഫ് പട്ടേൽ

ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു ലോകകപ്പ് ഹീറോ മുനാഫ് പട്ടേലും രാജ്യന്തര ക്രിക്കറ്റിനോട് ഔദ്യോഗികമായി വിടപറഞ്ഞതും 2018ലായിരുന്നു. നീണ്ട 15 വർഷത്തെ കരിയറിനാണ് താരം അവസാനം കുറിച്ചത്. ക്രിക്കറ്റിന്രെ എല്ലാ ഫോർമാറ്റുകളിൽ നിന്നും മുനാഫ് പട്ടേൽ വിരമിക്കുകയായിരുന്നു . 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് മുനാഫ് പട്ടേൽ.

2006ൽ ഇംഗ്ലണ്ടിനെതിരെയാണ് മുനാഫ് പട്ടേലിന്റെ രാജ്യന്തര അരങ്ങേറ്റം. മൂന്ന് വർഷം മാത്രമാണ് ടെസ്റ്റ് ടീമിൽ കളിച്ചതെങ്കിലും 2011 വരെ ഏകദിന ടീമിൽ നിർണ്ണായക സാനിധ്യമായിരുന്നു പട്ടേൽ. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റുകൾ വീഴ്ത്തിയ താരം ഏകദിനത്തിൽ 86 വിക്കറ്റുകകളും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു മുനാഫ് പട്ടേൽ.

Read Also: ദിവസകൂലിക്കാരനിൽ നിന്ന് ലോകകപ്പ് ജേതാവിലേക്ക്; മുനാഫ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

വെസ്‌ലി സ്‌നൈഡര്‍

വെസ്‌ലി സ്‌നൈഡര്‍

നെതർലൻഡിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ വെസ്‌ലി സ്‌നൈഡറും ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2010 ലോകകപ്പില്‍ നെതര്‍ലന്‍ഡ് ഫൈനലിലേക്ക് കുതിച്ചത് മധ്യനിരതാരം വെസ്ലി സ്‌നൈഡറുടെ കൂടെ മികവിലായിരുന്നു. 2010 ലോകകപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏവരും കരുതിയത് സ്നൈഡറെ തന്നെയായിരുന്നു. എന്നാൽ സ്നൈഡർക്ക് ആ പുരസ്കാരം ലഭിച്ചില്ല. ആ വർഷം ബാലൻ ദി ഓറിലും സ്നൈഡർ മുന്നിൽ തന്നെയുണ്ടായിരുന്നു.

2010 ല്‍ ഫിഫയുടെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരം താരം സ്വന്തമാക്കി. 134 മത്സരങ്ങളിൽ ഓറഞ്ച് പടയ്ക്കായി ബൂട്ടണിഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sports stars retired in