ന്യൂഡല്‍ഹി: ദേശീയ ലഹരിവിരുദ്ധ ഏജന്‍സിയുമായി (NADA) ചേര്‍ന്നുകൊണ്ട് കായികതാരങ്ങളിലെ ഉത്തേജകമരുന്ന് ഉപയോഗം ക്രിമിനല്‍ കുറ്റമാക്കാന്‍ കായിക മന്ത്രാലയത്തിന്‍റെ തീരുമാനം. കായിക താരങ്ങള്‍ക്ക് പുറമേ താരങ്ങള്‍ക്കു ഉത്തേജകമരുന്നു എത്തിച്ചുകൊടുക്കുന്ന പരിശീലകരെയും ഇത് നിര്‍മ്മിക്കുന്നവരെയും നിയമത്തിന്‍റെ മുന്നിലേക്ക് കൊണ്ടുവരാനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.

ലോക ലഹരിമരുന്നു വിരുദ്ധ ഏജന്‍സി (WADA) നിയമങ്ങള്‍ അനുസരിച്ച്, ആദ്യ തവണ മരുന്നു ഉപയോഗിച്ചു പിടിപെടുന്ന താരം നാല് വര്‍ഷം കായിക രംഗത്ത് നിന്ന് വിട്ടുനിൽക്കണമെന്നാണ് നിയമം. രണ്ടാമതും പിടിക്കപ്പെടുകയാണെങ്കിൽ എട്ട് വര്‍ഷമാകും വിലക്ക്.

ഉത്തേജക മരുന്നുപയോഗിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. വാഡയുടെ ഔദ്യോഗിക രേഖകൾ പ്രകാരമുള്ള കണക്കാണിത്. ഉത്തേജക മരുന്നുപയോഗം ക്രിമിനല്‍ കുറ്റം ആക്കുന്നതുവഴി ഈ ദുഷ്പേര് മാറ്റാമെന്നാണ് കായിക മന്ത്രാലയത്തിന്റെ പ്രതീക്ഷ.

കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം കിട്ടിയാൽ നിയമത്തിന്‍റെ കരട് നിയമ മന്ത്രാലയത്തിനു കൈമാറും. പാർലമെന്റിലും പാസ്സായാൽ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ. ആറു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുത്താമെന്നാണ് നാഡ അധികൃതരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ