ന്യൂഡൽഹി: പത്മ പുരസ്കാരത്തിനുള്ള നാമനിർദേശ പട്ടികയിൽ വനിതകളെ മാത്രം ഉൾപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം. ചരിത്രത്തിലാദ്യമായാണ് വനിതകളെ മാത്രം ഉൾപ്പെടുത്തി കായിക മന്ത്രാലയം പട്ടിക തയ്യാറാക്കുന്നത്. ഒമ്പത് കായിക താരങ്ങളെയാണ് ഇത്തവണ മന്ത്രാലയം പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. ബോക്സിങ് ഇതിഹാസം മേരി കോമിന് പത്മവിഭൂഷനാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.

2006ൽ പത്മശ്രീയും 2013ൽ പത്മഭൂഷനും നൽകി രാജ്യം ആദരിച്ച മേരി കോം ഇത്തവണ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിക്കാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്ൽ ഏഴ് മെഡലുകൾ നേടുന്ന ഏക വനിത താരമാണ് മേരി കോം. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് സ്വർണം നേടി. പിന്നീട് ഏട്ട് വർഷങ്ങൾക്ക് ശേഷം 2018ലാണ് മേരി വീണ്ടും സ്വർണമണിഞ്ഞത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ മേരി കോം വെങ്കലം സ്വന്തമാക്കിയിരുന്നു.

Also Read: ‘അഭിമാനമായി മേരി കോം’; ഏഷ്യയിലെ ഏറ്റവും മികച്ച കായികതാരം

പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചാല്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്ന നാലാമത്തെ കായികതാരം എന്ന നേട്ടത്തിലെത്തും മേരി കോം. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് (2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2008), പര്‍വതാരോഹകന്‍ എഡ്‌മണ്ട് ഹിലാരി (2008) എന്നിവരാണ് നേരത്തെ പത്മവിഭൂഷൺ പുരസ്‌കാരം നേടിയ കായിക താരങ്ങള്‍.

ബാഡ്മിന്റൺ താരം പി.വി.സിന്ധുവിനെ പത്മഭൂഷനാണ് നാർനിർദേശം ചെയ്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് താരത്തിനെ പത്മഭൂഷന് പരിഗണിക്കുന്നത്. നേരത്തെ 2017ലും പത്മഭൂഷന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 2015ലാണ് സിന്ധു പത്മശ്രീ നേടിയത്. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി.വി.സിന്ധു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിക്കും അർഹയാണ്. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് കൂടിയാണ് സിന്ധു.

Also Read: സ്‌പോൺസറുമായി ഭിന്നത; പ്രീസീസൺ പാതിവഴിയിൽ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് നാട്ടിലേക്ക്

അവശേഷിക്കുന്ന ഏഴ് പേരെ പത്മശ്രീ പുരസ്കാരത്തിനാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നിസ് താരം മനിക ബത്ര, ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടിങ് താരം സുമ ഷിരൂര്‍, പര്‍വതാരോഹകരായ ഇരട്ടസഹോദരങ്ങള്‍ താഷി, നങ്ഷി മാലിക് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook