ന്യൂഡൽഹി: ഓണ്‍ലൈന്‍ പന്തയം നിയമപരമാക്കുവാനുള്ള നിയമനിര്‍മാണത്തിനു കായികമന്ത്രാലയത്തിന്‍റെ പച്ചക്കൊടി. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എങ്കിലും നിയമനിര്‍മാണത്തിനുള്ള കരടുരൂപീകരിക്കാന്‍ കുറഞ്ഞത് രണ്ടുവർഷമെങ്കിലും എടുക്കും എന്നാണ് മന്ത്രാലയത്തില്‍ നിന്നും അറിയുന്നത്.

ചൂതാട്ടം നിയമപരമായ ഇംഗ്ലണ്ടിലെ കായിക മന്ത്രാലയത്തില്‍ നിന്നും ഇതുസംബന്ധിച്ച് നിയമവശങ്ങളില്‍ സഹായം തേടാനും ഇന്ത്യന്‍ കായികമന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള കായിക സെക്രട്ടറി ഇഞ്ചെട്ടി ശ്രീനിവാസന്‍ ഇതുസംബന്ധിച്ചൊരു ധാരണാപത്രത്തില്‍ ഒപ്പുവെക്കാനും സാധ്യതയുണ്ട്. “ഇംഗ്ലണ്ടിന് ഏറ്റവും ശക്തമായ ഫലപ്രദമായ ചൂതാട്ടനിയമങ്ങളുണ്ട്. അവരുടെ നിയമസംഹിത മനസ്സിലാക്കുവാനും അത് ഇന്ത്യയില്‍ അവതരിപ്പിക്കാനുമാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ” കായിക മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദോഹയിലുള്ള അന്താരാഷ്‌ട്ര കായിക സുരക്ഷാകേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ നിയമരഹിത ചൂതാട്ടങ്ങളുടെ മൂല്യം 9.6 ലക്ഷം കോടിരൂപയോളം വരും. വെബ്സൈറ്റുകള്‍ വഴിയാണ് ഈ ചൂതാട്ടങ്ങളില്‍ പലതും നടക്കുന്നത്. നിലവില്‍ കുതിരപന്തയം മാത്രമാണ് ഇന്ത്യയില്‍ നിയമവിധേയമായുള്ളത്. ചരക്കുസേവന നികുതി പ്രകാരം 28 ശതമാനം നികുതിയാണ് ഇതിനു ചുമത്തുന്നത്.

ദേശീയ- സംസ്ഥാന തലങ്ങളില്‍ കായികമേഖലയിലെ കൂടുതല്‍ ധനവിനിയോഗം ഉറപ്പുവരുത്താന്‍ പന്തയം നിയമപരമാക്കുന്നത് സഹായകമാവും എന്നാണ് കഴിഞ്ഞദിവസം നടന്ന കായിക മന്ത്രാലയം സെക്രട്ടറിമാരുടെ യോഗത്തില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം. പന്തയം നിയമപരമാക്കുന്നതുവഴി ലഭിക്കുന്ന വരുമാനം കായികമാന്ത്രാലയാത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കും എന്നാണു മന്ത്രാലയം അനുമാനിക്കുന്നത്.

“ലോട്ടറി, ഓണ്‍ലൈന്‍ പന്തയം എന്നിവ നിയമപരമാക്കിയതോടെയാണ് ഇംഗ്ലണ്ടിലെ മന്ത്രാലയം ധനക്കമ്മിയില്‍ നിന്നും കരകയറുന്നത്. അതിന്‍റെ സാങ്കേതികതയെ മനസ്സിലാക്കി ഇന്ത്യയിലേക്കും അത്കൊണ്ടുവരാൻ ശ്രമിക്കും” കായിക മന്ത്രാലയം അതിന്‍റെ അവതരണത്തില്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ