ഗോവ: അണ്ടർ 17 ലോകകപ്പ് തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ പരിശീലകൻ നിക്കോളായ് ആഡമിനെ പുറത്താക്കി. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) പരിശീലകനെ പുറത്താക്കിയത്. മോസ്കോയിൽ നടന്ന ഗ്രാന്റ്കിൻ മെമ്മോറിയൽ ടൂർണമെന്റിൽ ഇന്ത്യയുടെ മോശം പ്രകടനമാണ് കോച്ചിന്റെ പുറത്താക്കലിലേയ്ക്ക് വഴിവച്ചത്. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫൽ പട്ടേൽ ചൊവ്വാഴ്ച നിക്കോളായ് ആഡമുമായി ചർച്ച നടത്തിയിരുന്നു. ഇതിൽ അദ്ദേഹത്തോട് പരിശീലകസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായാണ് സൂചന.
16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അവസാന സ്ഥാനത്തായിരുന്നു ഇന്ത്യ. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിച്ചത്. കൂടാതെ 15 സ്ഥാനത്തിനായുള്ള മത്സരത്തിൽ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെയുള്ള താജിക്കിസ്താനുമായി പരാജയപ്പെടുകയും ചെയ്‌തു. കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ നടന്ന ബ്രിക്‌സ് കപ്പ്, എ.എഫ്.സി അണ്ടർ 16 ചാംപ്യൻഷിപ്പുകളിലും ടീമിന്റെ പ്രകടനം വൻ പരാജയമായിരുന്നു. അന്ന് തന്നെ കോച്ചിനെ പുറത്താക്കാൻ മുറവിളികളുണ്ടായിരുന്നു.
2015 ലാണ് നിക്കോളായ് ഇന്ത്യൻ ടീമിന്റെ പരിശീലകനായെത്തുന്നത്. തുടർന്ന് ആ വർഷം ഇന്ത്യയിൽ നടന്ന മൂന്ന് മത്സരങ്ങളിലും ടീമിന്റെ പ്രകടനം മോശമായിരുന്നു. ഒപ്പം എഐഎഫ്എഫിന്റെ യൂത്ത് കപ്പിന്റെ പ്ളേ ഓഫിലും ഇന്ത്യയ്‌ക്ക് ഇടം നേടാനായില്ല.
ഒക്ടോബർ ആറിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിന് തുടക്കമാകും. അതിന് മുൻപ് നല്ലൊരു ടീമിനെ വാർത്തെടുക്കേണ്ട ഉത്തരവാദിത്യമാണ് പുതിയതായി തിിരഞ്ഞെടുക്കുന്ന കോച്ചിനുള്ളത്.