മുംബൈ: ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ പുറത്താകാതെ ഇരട്ട സെഞ്ചുറി കുറിച്ച് ശ്രേയസ് അയ്യർ. ഒറ്റ ദിവസത്തിലാണ് ശ്രേയസിന്റെ സെഞ്ചുറി, ഇരട്ട സെഞ്ചുറി നേട്ടം.

രണ്ടാം ദിനമായ ശനിയാ‌ഴ്‌ച കളി അവസാനിപ്പിക്കുമ്പോൾ 85 റൺസെടുത്ത് ശ്രേയസ് പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് കളി ആരംഭിച്ച് പത്ത് മിനിറ്റിനുളളിൽ ശ്രേയസ് നൂറ് തികച്ചു. 103 പന്തിലായിരുന്നു സെഞ്ചുറി തികച്ചത്. പിന്നെ കണ്ടത് ഇരട്ട സെഞ്ചുറിയിലേക്കുളള യാത്രയായിരുന്നു. 210 പന്തിലാണ് ശ്രേയസ് ഇരട്ട സെഞ്ചുറി നേടിയത്. 27 ഫോറുകളും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ശ്രേയസിന്റെ ഉയർന്ന സ്കോറാണിത്.

സന്നാഹ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ ടീം 403 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഓസ്ട്രേലിയക്ക് 66 റൺസിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്ങ്സിനിറങ്ങിയ ഓസീസ് ഇപ്പോൾ രണ്ട് വിക്കറ്റിന് 32 റൺസെന്ന നിലയിലാണ്.

ഒന്നാം ഇന്നിങ്സിൽ വിക്കറ്റുകൾ നഷ്‌ടപ്പെട്ട് പതറുകയായിരുന്ന ഇന്ത്യ എ ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ശ്രേയസിന്റെ ഇരട്ട സെഞ്ചുറി പ്രകടനമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ