തുടർച്ചായായ രണ്ടാം ട്വന്റി-20 മത്സരവും അവസാന ഓവറിന്റെ ആവേശത്തിലേക്ക് നീണ്ടപ്പോളും ഭാഗ്യം ശ്രീലങ്കയ്ക്ക് ഒപ്പം. മധ്യനിരക്കാരൻ അസേല ഗുണരത്നനയുടെ ഒറ്റയാൾ പോരാട്ടമാണ് കങ്കാരുക്കളെ മുട്ടുകുത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ലങ്ക 2-0 ന് സ്വന്തമാക്കി.

രണ്ടാം ട്വന്റി- മത്സരത്തിൽ ടോസ് നേടിയ  ലങ്കൻ നായകൻ ഉപുൽ തരംഗ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ മോയിസസ് ഹെൻറീകസിന്റെ മികവിൽ ഓസ്ട്രേലിയ 176 റൺസാണ് നേടിയത്.37 പന്തിൽ നിന്ന് 2 വീതം ഫോറുകളുടെയും സിക്സറുകളുടെയും അകന്പടിയിലാണ് ഹെൻറീകസ് 57 റൺസ് നേടിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിലെ പിഴവാണ് ഓസ്ട്രേലിയയെ കൂറ്റൻ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞത്.  4 വിക്കറ്റ് വീഴ്ത്തിയ ലങ്കയുടെ നുവാൻ കുലശേഖരയാണ് ഓസ്ട്രേലിയയെ മെരുക്കിയത്.

എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 40 റൺസ് എടുക്കുമ്പോഴേക്കും 5 ലങ്കൻ ബാറ്റ്സ്മാൻമാർ കൂടാരം കയറി.

എന്നാൽ അസേല ഗുണരത്നയുടെ ത്രസിപ്പിക്കുന്ന പ്രകടനത്തിനാണ് സൈമണ്ട്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഓസ്ട്രേലിയൻ ബൗളർമാരുടെ പന്തുകളെ ഗാലറിയിലേക്ക് പറത്തി ഗുണരത്ന ലങ്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 14 റൺസ്. എന്നാൽ ആദ്യ പന്തിൽ കുലശേഖരയെ മടക്കി ആൻഡ്രൂ ടൈ  ലങ്കയെ ഞെട്ടിച്ചു.എന്നാൽ ഗുണരത്നയുടെ  ബാറ്റിന്റെ ചൂട് ആൻഡ്രൂ ടൈയും അറിഞ്ഞു. രണ്ടാം പന്ത് ബൗണ്ടറി കടത്തുകയും,മൂന്നാം പന്ത് ഗാലറിയിലേക്ക് പായിക്കുകയും ചെയ്തു. അവസാന പന്തിൽ 2 റൺസ് വേണമെന്നിരിക്കെ ആൻഡ്രു ടൈയുടെ പന്ത് അതിർത്തി കടത്തി ലങ്ക വിജയം ആഘോഷിച്ചു.

46 പന്തിൽ നിന്ന് 6 ഫോറുകളും,5 സിക്സറുകളും ഉൾപ്പടെ 84 റൺസ് എടുത്ത അസേല ഗുണരത്ന തന്നെയാണ് കളിയിലെ താരം .പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച അഡ്ലൈഡിൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ