ന്യൂഡൽഹി: ക്രിക്കറ്റിന് നൽകിയ സംഭാവന പരിഗണിച്ച് ബാംഗ്ളൂർ സർവകലാാശാല വാഗ്‌ദാനം ചെയ്‌ത ഡോക്‌ടറേറ്റ് ബിരുദം നിരസിച്ച് ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡ്. കായികമേഖലയിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റ് നേടണമെന്നാണ് ആഗ്രഹമെന്നും ദ്രാവിഡ് സർവകലാശാലയെ അറിയിച്ചു. സർവകലാശാല തന്നെയാണ് ദ്രാവിഡ് ഡോക്‌ടറേറ്റ് നിരസിച്ച കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ദ്രാവിഡ് ഉൾപ്പെടെ മൂന്ന് പേരുടെ പേരുകൾ സർവകലാശാല ചാൻസലർ കൂടിയായ കർണാടക ഗവർണർ വാജ്പേയി വാലയ്‌ക്ക് നൽകിയിരുന്നു. അദ്ദേഹം അതിൽ ദ്രാവിഡിന്റെ പേര് അംഗീകരിക്കുകയായിരുന്നു. സർവകലാശാലയുടെ 52 -ാം കോൺവൊക്കേഷൻ ദിനമായ വെള്ളിയാഴ്‌ച ദ്രാവിഡിന് ഡോക്‌ടറേറ്റ് നൽകാനായിരുന്നു തീരുമാനം.

നേരത്തെ ഗുൽബർഗ സർവകലാശാലയുടെ ഡോക്‌ടറേറ്റ് വാഗ്‌ദാനവും ദ്രാവിഡ് നിരസിച്ചിരുന്നു. ബെംഗളൂരൂ സെന്റ് ജോസഫ് ബോയ്സ് സ്ക്കൂൾ, സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്സ്, സെന്റ് ജോസഫ് കോളേജ് ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലായിരുന്നു ദ്രാവിഡിന്റെ പഠനം.

1996ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ദ്രാവിഡ് 2012 ലാണ് വിരമിച്ചത്. വിരമിച്ച ശേഷം ദേശീയ ജൂനിയർ ടീമുകളുടെ പരിശീലകനായിരുന്നു. നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന ഒട്ടേറെ യുവതാരങ്ങളുടെ മാർഗദർശിയും മാതൃകയുമാണ് ദ്രാവിഡ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ