ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ ഐപിഎൽ ടീം റൈസിങ് പുണെ സൂപ്പർജയ്ന്റ്സ് മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീൻ. പുണെ ടീം ചെയ്‌തത് അനാദരവും മൂന്നാംകിട പരിപാടിയുമാണെന്ന് അസ്ഹറുദ്ദീൻ പറഞ്ഞു.

“ധോണിയെ മാറ്റാനുളള തീരുമാനവും അത് നടപ്പാക്കിയ രീതിയും അപകീർത്തിപരവും മൂന്നാം കിടവുമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ രത്‌നമാണ് ധോണി. ഒരു നായകനെന്ന നിലയിൽ കഴിഞ്ഞ 8-9 വർഷമായി ക്രിക്കറ്റിൽ എല്ലാം നേടിയ താരമാണ് ധോണി. സ്വന്തം പണം കൊണ്ടാണ് ടീമിനെ മുന്നോട്ട് കൊണ്ടു പോവുന്നതെന്ന് ഫ്രാഞ്ചൈസി അധികൃതർക്ക് പറയാമെങ്കിലും നായക സ്ഥാനത്ത് നിന്ന് നീക്കുന്നതിന് മുൻപ് ധോണിയുടെ നിലയും വിശ്വാസതയും ഒന്ന് നോക്കാമായിരുന്നില്ലേ?. ഒരു മുൻ ക്രിക്കറ്റർ എന്ന നിലയിൽ ഞാൻ ദുഃഖിതനും രോഷാകുലനുമാണ്”- അസ്ഹറുദ്ദീൻ ആജ് തക് ചാനലിനോട് പറഞ്ഞു.

ധോണിക്ക് പകരം ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്തിനെയാണ് പുണെ ടീം ക്യാപ്റ്റനാക്കിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനമാണ് പുണെ ടീം കാഴ്‌ച വെച്ചത്.

“ടീം നന്നായി കളിക്കുന്നില്ലെങ്കിൽ ഒരു ക്യാപ്റ്റൻ എന്ത് ചെയ്യും. നല്ല ക്യാപ്റ്റനല്ലാതിരുന്നിട്ടാണോ ചെന്നൈയ്ക്കായി രണ്ട് ഐപിഎൽ കിരീടങ്ങൾ അദ്ദേഹം നേടിയത്. ധോണിയെ മാറ്റാനുളള തീരുമാനത്തേക്കാൾ തന്നെ വേദനിപ്പിച്ചത് അത് പ്രഖ്യാപിച്ച രീതിയാണെന്നും” മുൻ ഇന്ത്യൻ താരം പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയ ധോണി പുണെ ടീമിൽ കളിക്കാരനായി തുടരും. നേരത്തെ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനങ്ങൾ ധോണി ഒഴിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ