ദുബായ്: ഒരു ദിവസം രണ്ട് അർധ സെഞ്ച്വറി കുറിക്കുന്ന ആദ്യ താരമായി അഫ്ഗാൻ ക്രിക്കറ്റർ മുഹമ്മദ് ഷെഹ്സാദ്. ഡെസേർട്ട് ടിട്വന്റി ടൂർണമെന്റിലാണീ അപൂർവ്വ നേട്ടം. ഒമാനെതിരായ സെമിഫൈനലിൽ 80 റൺസ് നേടിയ ഷെഹ്സാദ് ആ ദിവസം തന്നെ നടന്ന ഫൈനലിൽ അയർലന്റിനെതിരെയും അർധശതകം നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഒപ്പം ബാറ്റിംങിൽ പുതിയ റെക്കോർഡും കുറിച്ചാണ് മുഹമ്മദ് ഷെഹ്സാൻ മൈതാനം വിട്ടത്. ഒരു ടിട്വന്റി ടൂർണമെന്റിൽ ഏറ്റവുമധികം അർധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡാണ് ഷെഹ്സാദ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡാണ് ഷെഹ്സാദ് തകർത്തത്.
ടൂർണമെന്റിലെ ഷെഹ്സാദിന്റെ നാലാം അർധ സെഞ്ച്വറിയാണിത്. കഴിഞ്ഞ ടിട്വന്റി ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറികൾ നേടിയ കോലിയുടെ പേരിലായിരുന്നു നിലവിലെ റെക്കോർഡ്.
ടൂർണമെന്റിൽ അയർലന്റിനെ 10 വിക്കറ്റിന് തോൽപ്പിച്ച് അഫ്ഗാൻ കിരീടം നേടി. 2.2
ഓവറിൽ രനാല് വിക്കറ്റെടുത്ത മുഹമ്മദ് നബിയുടെ മികവിൽ അയർലന്റിനെ അഫ്ഗാൻ 72 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ഷെഹ്സാദിന്റെ മികവിൽ 7.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു.