സിഡ്‌നി: ഇന്ത്യയ്ക്കെതിരെ പരമ്പര കളിക്കാനിറങ്ങുന്ന ഓസീസ് ടീമിന് ഉപദേശങ്ങളുടെ പെരുമഴയാണ്. കെവിൻ പീറ്റേഴ്സണും മൈക്ക് ഹസിനും പുറമെ ഓസീസ് താരം മാക്സ് വെല്ലാണ് പുതിയ ഉപദേശവുമായെത്തിയിരിക്കുന്നത്.

ഇന്ത്യൻ ബാറ്റ്സ്‌മാൻമാരെ കണ്ടുപഠിക്കാനാണ് ഓസീസ് താരങ്ങൾക്ക് അദ്ദേഹം നൽകിയിരിക്കുന്ന നിർദേശം. സ്‌പിന്നർമാരെ അവർ അനായാസം നേരിടുന്നത് കണ്ട് പഠിക്കണം. സ്‌പിൻ ബോളിങ്ങിനെ നേരിടാൻ പഠിക്കാതെ ഇന്ത്യയിൽ വിജയിക്കുക അസാധ്യമാണ്. സ്വന്തം നാട്ടിൽ ഇന്ത്യൻ ബൗളർമാരെ നേരിടുക പ്രയാസമാണ്. മത്സരത്തിന്റെ ഗതിയനുസരിച്ച് തന്ത്രങ്ങൾ മാറ്റേണ്ടി വരുമെന്നും മാക്‌സ് വെൽ പറഞ്ഞു. ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സഹതാരങ്ങളോടുള്ള മാക്‌സ് വെല്ലിന്റെ ഉപദേശം.

കഴിഞ്ഞ ദിവസം ഓസീസ് താരം മൈക്ക് ഹസിയും ടീമിന് ഉപദേശവുമായെത്തിയിരുന്നു. കോഹ്‌ലിയെ പ്രകോപിപ്പിച്ച് പരമ്പരയ്ക്കിടെ പണി വാങ്ങരുതെന്നാണ് ഓസ്ട്രേലിയൻ താരങ്ങൾക്ക് മൈക്ക് ഹസിയുടെ ഉപദേശം. എതിർ ടീമംഗങ്ങളെ ചീത്ത വിളിക്കുന്ന രീതിയുമായി ഓസീസ് ടീം കോഹ്‌ലിയെയും സംഘത്തെയും നേരിടരുതെന്നും ഹസി പറയുന്നു.

കളിക്കിടെയുണ്ടാവുന്ന വാക്കു തർക്കങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് കോഹ്‌ലിക്ക് ഇഷ്‌ടമുള്ള കാര്യമാണെന്നാണ് എന്റെ അറിവ്. അതുകൊണ്ട് തന്നെ കോഹ്‌ലിക്കെതിരെ കളിക്കുന്നത് താനാണെങ്കിൽ ഒരിക്കലും ഇന്ത്യൻ ക്യാപ്റ്റനെ ചീത്ത പറയാൻ നിൽക്കില്ലെന്നും ഹസി പറഞ്ഞു. കോഹ്‌ലിക്കും സംഘത്തിനുമെതിരെ വ്യക്തമായ ആസൂത്രണത്തോടെ കളിക്കുകയാണ് വേണ്ടതെന്നും ഓസീസ് താരം പറഞ്ഞിരുന്നു.

ഒന്നുകിൽ സ്‌പിൻ ബോളിങ്ങിനെ നേരിടാൻ പഠിക്കുക, അല്ലെങ്കിൽ ഈ പരമ്പര തന്നെ ഉപേക്ഷിക്കൂ എന്നാണ് ഇംഗ്ളണ്ട് താരം കെവിൻ പീറ്റേഴ്സൺ ഓസീസ് ടീമിന് നൽകിയ ഉപദേശം. ഓസീസ് ടീമംഗങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ഉപദേശങ്ങൾക്കു പിന്നാലെ ഇന്ത്യ- ഓസ്ട്രേലിയ പരമ്പര ഇതിനോടകം ശ്രദ്ധയും നേടിക്കഴിഞ്ഞു. നാല് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പര ഫെബ്രുവരി 23 നാണ് തുടങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ