കായിക മേഖലയിൽ സംഭവബഹുലമായ ഒരു കലണ്ടർ വർഷമാണ് കടന്നുപോകുന്നത്. വനിതാ ഫുട്ബോൾ ലോകകപ്പിനും പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനും 2019 സാക്ഷിയായി. പുതിയ വേഗവും ഉയരവും ദൂരവും തേടി നൂറുകണക്കിന് അത്‌ലറ്റുകൾ ദോഹയിൽ ട്രാക്കിലും ഫീൽഡിലും അണിനിരന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പും ഈ വർഷത്തെ കായിക ചരിത്രത്തിൽ പ്രത്യേക അടയാളപ്പെടുത്തുന്ന സംഭവമായി. ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കായിക രംഗത്തുനിന്ന് ഏറെയുണ്ടായിരുന്നു. എന്നാൽ വർഷം അവസാനിക്കാറാകുമ്പോൾ റഷ്യയെ നാലു വർഷത്തേക്ക് കായികരംഗത്തുനിന്ന് വിലക്കികൊണ്ടുള്ള വാർത്തയാണ് ചുവന്ന മഷിയിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നത്.

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ്

ദോഹയിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പായിരുന്നു 2019 കണ്ട മെഗാ കായിക ഈവന്റുകളിൽ ഒന്ന്. 206 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങളാണ് 17-ാമത് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മത്സരിച്ചത്. അമേരിക്കൻ താരങ്ങളുടെ ആധിപത്യം ഇത്തവണയും അത്‌ലറ്റിക്സിൽ ആവർത്തിച്ചപ്പോൾ അവർ ഒരിക്കൽ കൂടി ചാംപ്യന്മാരായി.

എന്നാൽ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചാംപ്യൻഷിപ്പിലായില്ല. സെമിയിലും ഫൈനലിലുമെല്ലാം എത്താൻ പല ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾക്കായെങ്കിലും വിക്ടറി സ്റ്റാൻഡിലെത്താൻ അവർക്ക് സാധിച്ചില്ല.

14 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡൽ സ്വന്തമാക്കിയാണ് അമേരിക്ക ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള കെനിയയേക്കാൾ ബഹുദൂരം മുന്നിലാണ് അമേരിക്ക ഫിനിഷ് ചെയ്തത്. ഇന്ത്യക്ക് മെഡലുകൾ ഒന്നും നേടാനായില്ലെങ്കിലും ഒളിമ്പിക്സ് യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായി.

താരങ്ങളായി അമ്മമാർ

ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് അമ്മമാരാണ് ഒരൊറ്റ ദിവസം പൊന്നണിഞ്ഞത്. ഷെല്ലി ആന്‍ ഫ്രേസര്‍, അല്ലിസണ്‍ ഫെലിക്സ്, ലിയു ഹോങ് എന്നിവരായിരുന്നു കാണികളെ വിസ്മയിപ്പിച്ച ആ അമ്മമാര്‍. ഷെല്ലി 100 മീറ്ററിൽ സ്വർണം അണിഞ്ഞപ്പോൾ 4X400 മീറ്റർ മിക്സഡ് റിലേയിലാണ് അലിസൺ ഫെലിക്സിന്റെ നേട്ടം. 2016ലെ റിയോ ഒളിമ്പിക്സിനു ശേഷം കളം വിട്ട ചൈനയുടെ ലിയു ഹോങ് മടങ്ങിവരവിലും 20 കിലോമീറ്റർ നടത്തത്തിൽ ഒന്നാമതെത്തി.

ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് പഴങ്കഥ

ട്രാക്കിലെ ചീറ്റപ്പുലി ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തിരുത്തപ്പെട്ട വർഷമെന്ന പേരിലും 2019 ചരിത്രത്തിലിടം പിടിക്കും. അമേരിക്കയുടെ യുവതാരം നോഹ് ലൈൽസാണ് പാരീസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോർഡാണ് 22കാരന്‍ പഴങ്കഥയാക്കിയത്. 19.65 സെക്കൻഡിൽ താരം ഫിനിഷിങ് ലൈൺ പിന്നിട്ടു. ഈ വർഷം ജൂലൈയിൽ യു.എസ് ചാമ്പ്യൻഷിപ്പിലും താരം 200 മീറ്ററിൽ സ്വർണം അണിഞ്ഞിരുന്നു. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ 200 മീറ്ററിലു നോഹിന് എതിരാളികൾ ഇല്ലായിരുന്നു.

ഗോൾഡൻ ഗേൾ ഹിമ

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും അത്‌ലറ്റിക്സിൽ ഇന്ത്യ തലയുയർത്തി നിന്ന വർഷമാണ് 2019. അതിന് മുന്നിൽനിന്ന് നയിച്ചത് യുവതാരം ഹിമ ദാസും. 18 ദിവസത്തിനിടയിൽ അഞ്ചു രാജ്യാന്തര വേദികളിലാണ് ഹിമ പൊന്നണിഞ്ഞത്.

ദ്രുതവേഗം ദ്യുതി

വേഗതയേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് ദ്യുതി ചന്ദ് തിരുത്തിയതും 2019 ഒക്ടോബറിൽ. റാഞ്ചിയിൽ നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ വനിതകളുടെ 100 മീറ്ററിലാണ് ദ്യുതി ദേശീയ റെക്കോർഡ് മറികടന്നത്. സെമിയിൽ 11.22 സെക്കൻഡിൽ ഓടിയെത്തിയാണ് ദ്യുതി രചിത മിസ്ത്രിയുമായി താൻ തന്നെ പങ്കുവച്ചിരുന്ന റെക്കോർഡ് തിരുത്തിയെഴുതിയത്.

2000ൽ രചിത മിസ്ത്രി 11.26 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 2019ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ അതേ വേഗതയിൽ ഓടിയെത്തി ദ്യുതി ചന്ദും രചിതയുടെ റെക്കോർഡ് പങ്കുവച്ചു. ഇതാണ് 11.22 സെക്കൻഡിൽ ഓടിയെത്തി ദ്യുതി തന്റെ പേരിലേക്ക് മാത്രമായി തിരുത്തിയെഴുതിയത്.

റഷ്യയുടെ വിലക്ക്

കായികരംഗത്ത് റഷ്യയ്ക്ക് വിലക്ക് നിലവിൽ വന്നതും 2019ൽ തന്നെ. നാലു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി (വാഡ) റഷ്യയെ വിലക്കിയത്. ഇതോടെ അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിൽ റഷ്യയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. 2021 ലെ ലോക ചാംപ്യൻഷിപ്പ്, 2022 ലെ ഫിഫ ലോകകപ്പ് എന്നിവയും റഷ്യയ്‌ക്ക് നഷ്ടപ്പെടും. കായികരംഗത്ത് വലിയ തിരിച്ചടിയാണ് റഷ്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook