ലണ്ടന്‍: ഇംഗ്ലണ്ടില്‍ പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ ടീമിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ക്യാപ്റ്റനെതിരേയും പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കെതിരെയും ആരോപണങ്ങളുമായി മുതിര്‍ന്ന താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇതിനിടെ പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍ പ്രകാരം ടീമിന് അകത്തും അഭിപ്രായ വിഭന്നതയുണ്ടെന്നാണ് വ്യക്തമാകുന്നത്.

പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ പരുക്ക് പറ്റിയിട്ടും അശ്വിനെ കളിപ്പിച്ചതാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അശ്വിന് പരുക്കില്ലെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും വാദങ്ങള്‍ തള്ളുന്നതാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍നിന്ന് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത് പരുക്കു വഷളായതുകൊണ്ടാണെന്ന് കോഹ്ലി വ്യക്തമാക്കുകയായിരുന്നു.

അശ്വിന്റെ പ്രകടനത്തില്‍ പലപ്പോഴും പരുക്കിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബെയര്‍ലി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒന്‍പതു വിക്കറ്റ് വീഴ്ത്തി ഇംഗ്ലിഷ് സ്പിന്നര്‍ മോയിന്‍ അലി ടീമിന് വിജയം സമ്മാനിച്ചപ്പോള്‍ അശ്വിന് മല്‍സരത്തില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് മുതിര്‍ന്ന താരമായ ഹര്‍ഭജന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍, മല്‍സരശേഷം രവി ശാസ്ത്രി പറഞ്ഞത് അശ്വിന് പരുക്കില്ലെന്നായിരുന്നു. അശ്വിന്റെ പ്രകടനത്തെ ശാസ്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അഞ്ചാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയ ഉപനായകന്‍ അജിങ്ക്യ രഹാനെയോടും അശ്വിന്റെ പരുക്കിനെക്കുറിച്ച് ചോദിച്ചെങ്കിലും താരവും അതു നിഷധിച്ചിരുന്നു. ഇവരുടെ നിലപാട് തെറ്റാണെന്നു തെളിയിക്കുന്നതാണ് കോഹ്‌ലിയുടെ പ്രതികരണം. ഇതോടെ ടീമിനുള്ള അഭിപ്രായ വ്യത്യാസമോ കമ്യൂണിക്കേഷന്റെ പ്രശ്‌നമോ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ