ഇന്നലെ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടിയപ്പോൾ പിറന്നത് ഒരുപിടി മികച്ച മുഹൂർത്തങ്ങൾ. അവസാന ഓവർ വരെ സസ്‌പെൻസ് നിറച്ച മത്സരമായിരുന്നു എങ്കിലും കളിക്കപ്പുറത്തെ ചില രംഗങ്ങൾ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറും.

ലോകകപ്പിൽ അടക്കം ചിരവൈരികളായി തമ്മിലടിക്കുന്ന താരങ്ങൾ സൗഹൃദം പങ്കിടുന്ന രംഗങ്ങൾ, ആഭ്യന്തര ക്രിക്കറ്റിൽ ഒരേ ടീമിൽ കളിക്കുന്നവർ പരസ്‌പരം വാശിയോടെ ഏറ്റുമുട്ടുന്ന രംഗങ്ങൾ തുടങ്ങി എല്ലാംകൊണ്ടും ഇന്ത്യൻ പ്രീമിയർ ലീഗ് ശ്രദ്ധേയമാണ്.

ഈ സീസണിൽ ക്രിക്കറ്റ് ആരാധകർ ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടിയത്. ടോസ് വിജയിച്ച ചെന്നൈ സൂപ്പർ കിങ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. ഫാഫ് ഡു പ്ലെസിസിന്റെ ഇന്നിങ്‌സാണ് ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഡു പ്ലെസിസ് 47 പന്തിൽ നിന്ന് 58 റൺസ് നേടി. കഗിസോ റബാദയാണ് ഡു പ്ലെസിസിനെ പുറത്താക്കിയത്. ധവാൻ മനോഹരമായ ക്യാച്ചിലൂടെ ഡു പ്ലെസിസിന് പുറത്തേക്കുള്ള വഴി തുറന്നിടുകയായിരുന്നു. ഈ ക്യാച്ച് നേടിയ ശേഷമുള്ള ധവാന്റെയും റബാദയുടെയും ആഘോഷം ഏറെ രസകരമായിരുന്നു. ക്യാച്ചെടുത്ത ധവാനെ റബാദ അഭിനന്ദിച്ചു. ഇതിനിടയിൽ ധവാൻ റബാദയുടെ ദേഹത്തേക്ക് ചാടുകയും തോളിൽ ഇരിക്കുകയും ചെയ്തു. റബാദയുടെ ഇത് എൻജോയ് ചെയ്‌തു.

Read Also: സെഞ്ച്വറിയുമായി ശിഖർ ധവാൻ; അഞ്ച് പന്തിൽ 21 റൺസുമായി അക്ഷർ പട്ടേൽ; ഏഴാം ജയം നേടി ഡൽഹി

അതുപോലെ തന്നെ റബാദയും ഫാഫ് ഡു പ്ലെസിസും തമ്മിൽ കൂട്ടിയിടിച്ചതിനു ശേഷം അരങ്ങേറിയ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂട്ടിയിടിച്ച ശേഷം ഡു പ്ലെസിസ് ഗ്രൗണ്ടില്‍ മുഖമമത്തി കിടന്നു. എന്നാല്‍, റബാദ വന്ന് ഡു പ്ലെസിസിനെ കെട്ടിപിടിച്ചു. ഐപിഎല്ലിൽ എതിർ ചേരികളിൽ ആണെങ്കിലും ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമിൽ ഇരുവരും ഉറ്റ ചങ്ങാതിമാരാണ്.

ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തത് ഇന്ത്യയുടെ ശിഖർ ധവാനാണ്. ചെന്നൈയെ പരാജയപ്പെടുത്താൻ ഡൽഹിയെ സഹായിച്ചത് ധവാന്റെ സെഞ്ചുറി ഇന്നിങ്‌സാണ്. ധവാൻ ബാറ്റ് ചെയ്യുന്നതിനിടെയും രസകരമായ ഒരു സംഭവമുണ്ടായി. ധവാൻ സിംഗിളിനുവേണ്ടി ഓടി. ചെന്നൈ താരം രവീന്ദ്ര ജഡേജയായിരുന്നു പന്ത് കൈപിടിയിലൊതുക്കിയത്. പന്ത് ലഭിച്ച ഉടനെ സർ ജഡേജയുടെ കിടിലൻ ത്രോ. പന്ത് സ്റ്റംപിൽ കൊണ്ടു. എന്നാൽ, അപ്പോഴേക്കും ധവാൻ ക്രീസിൽ ഓടിയെത്തിയിരുന്നു.

ഔട്ടല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ എല്ലാവർക്കും വ്യക്തമായി. ജഡേജയ്‌ക്കും അത് അറിയാമായിരുന്നു. എന്നാൽ, ധവാനെ നോക്കി ജഡേജ കാണിച്ച ആക്ഷൻ മത്സരം കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരിലും ചിരിയുണർത്തി. ധവാനെ നോക്കി അത് ഔട്ടാണെന്ന് പല തവണ ജഡേജ പറഞ്ഞു. ഔട്ടാണെന്ന് ആക്ഷൻ കാണിച്ച് ജഡേജ ധവാന്റെ അടുത്തേക്ക് നടന്നുവരുന്നതും സ്‌ക്രീനിൽ കാണാമായിരുന്നു. ജഡേജയുടെ ആക്ഷനും മുഖഭാവവും കണ്ട് ധവാനും ചിരിയടക്കാൻ സാധിച്ചില്ല. ഒടുവിൽ ഇരുവരും വളരെ സന്തോഷത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു. ജഡേജയുടെ അഭിനയം കണ്ട് അംപയർ തേർഡ് അംപയറുടെ സഹായം തേടിയിരുന്നു. സ്‌ക്രീനിൽ നോട്ട് ഔട്ടെന്ന് തെളിഞ്ഞുവന്നു. ധവാന്റെയും ജഡേജയുടെയും സ്‌നേഹപ്രകടനം കണ്ട് അംപയർക്ക് പോലും ചിരിയടക്കാനായില്ല.

കളിക്കളത്തിനു പുറത്തുനടന്ന മറ്റൊരു സംഭവവും ഏറെ ചിരിപ്പിച്ചു. ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ് സംസാരിച്ചുകൊണ്ടിരിക്കെ ഡൽഹി താരം റിഷഭ് പന്ത് കാണിച്ചുകൂട്ടിയ കാര്യങ്ങൾ കണ്ടാണ് എല്ലാവരും ചിരിച്ചത്. പരുക്ക് മൂലം ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ പന്ത് കളിച്ചില്ല. എന്നാൽ, കളിക്കളത്തിനു പുറത്ത് ഒരു ചെറിയ കുട്ടിയെ പോലെ വികൃതി കാണിക്കുകയായിരുന്നു പന്ത്. വലിയ കാര്യത്തിൽ സംസാരിച്ചുകൊണ്ടിരുന്ന റിക്കി പോണ്ടിങ്ങിനെ പന്ത് തൊട്ടുപിന്നിൽ നിന്ന് അനുകരിക്കുന്നതിന്റെ വീഡിയോ ദൃശ്യം നിമിഷങ്ങൾക്കകം കായികപ്രേമികൾ ഏറ്റെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook