ബെംഗളൂരു: ചിന്നസ്വാമി സ്​റ്റേഡിയത്തിൽ എബി ഡിവില്ലിയേഴ്​സും (39 പന്തിൽ 69) മോയിൻ അലിയും (34 പന്തിൽ 65) ഗ്രാൻഡ്​ഹോമും (17 പന്തിൽ 40) ചേർന്ന്​ വെടിക്കെട്ടിന്​ തിരികൊളുത്തിയപ്പോൾ ​നിർണായക മൽസരത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ​ ബെംഗളൂരു റോയൽ ചലഞ്ചേഴ്​സ്​ 14 റൺസിനാണ് ജയിച്ചത്.

മൽസരത്തില്‍ ഡിവില്ലിയേഴ്സ് പിടിച്ചെടുത്ത അത്ഭുതപ്പെടുത്തുന്ന ക്യാച്ചാണ് ആരാധകരെ ഞെട്ടിച്ചത്. അലക്സ് ഹൈല്‍സ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് ഡീപ്പ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഡിവില്ലിയേഴ്സ് പറക്കും ക്യാച്ച് എടുത്തത്. എല്ലാ പന്തുകളും അതിര്‍ത്തി കടത്തണമെന്ന കൊതിയോടെയായിരുന്നു ഹൈല്‍സ് ബെംഗളൂരു ബോളര്‍മാരെ നേരിട്ടത്.

മോയിൻ അലിയുടെ പന്ത് അതിര്‍ത്തി കടന്നെന്ന് തോന്നിക്കും പോലെയാണ് ഉയര്‍ന്നു പൊങ്ങിയത്. എന്നാല്‍ ഹൈല്‍സിന്റെ മേഹത്തിന് മേല്‍ ഡിവില്ലിയേഴ്സ് ഉയര്‍ന്നു ചാടി പന്ത് പിടിച്ചെടുത്തു. വായുവില്‍ ഉയര്‍ന്നുപൊങ്ങിയെടുത്ത ക്യാച്ചിനെ ആരാധകര്‍ ഒന്നടങ്കം പുകഴ്ത്തി. പോരാത്തതിന് ബെംഗളൂരു നായകന്‍ വിരാട് കോഹ്‌ലിയും പ്രശംസയുമായി രംഗത്തെത്തി. സ്‌പൈഡര്‍മാനെ ലൈവായി കണ്ടു എന്നാണ് കോഹ്‌ലി ട്വീറ്റ് ചെയ്തത്.

നിര്‍ണായകമായ മൽസരത്തില്‍ ത്രസിപ്പിക്കുന്ന വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. ബെംഗളൂരുവി​​ന്റെ 218 എന്ന കൂറ്റൻ സ്​കോറിനെതിരെ അടിക്ക്​ തിരിച്ചടിയെന്നോണം ഹൈദരാബാദ്​ ക്യാപ്​റ്റൻ കെയിൻ വില്യംസണും (42 പന്തിൽ 81) മനീഷ്​ പാണ്ഡെയും (38 പന്തിൽ 62) പൊരുതിനോക്കിയെങ്കിലും ലക്ഷ്യംകണ്ടില്ല. സ്​കോർ ബെംഗളൂരു: 218​/ 6, ഹൈദരാബാദ്​: 204/3. ഇതോടെ പ്ലേഓഫ്​ പോരാട്ടം ​വീണ്ടും മുറുകി. പ്രതീക്ഷ നിലനിർത്തിയ ബെംഗളൂരുവിന്​ രാജസ്​ഥാനെതിരെയാണ്​ അവസാന മൽസരം.

ടോസ്​ നേടിയ ഹൈദരാബാദ്​ ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ പാർഥിവ്​ പ​ട്ടേൽ (1) ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (12) എന്നിവരെ ബെംഗളൂരുവിന്​ നഷ്​ടമായി. എന്നാൽ, പിന്നീട്​ ഒത്തുചേർന്ന എബി ഡിവില്ലിയേഴ്​സും മോയിൻ അലിയും ഗ്രാൻഡ്​ഹോമും ചേർന്ന്​ ഹൈദരാബാദ്​ ബോളർമാർക്കെതിരെ ആക്രമിച്ച്​ കളിച്ചപ്പോൾ ബെംഗളൂരു സ്​കോർ കുതിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ