സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ ബാഴ്സലോണയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. വിനീഷ്യസ് ജൂനിയര്‍, കരിം ബെന്‍സിമ, ഫെഡറിക്കൊ വാൽവെർഡെ എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. ലൂക്ക് ഡി യോങ്ങ്, അന്‍സു ഫാറ്റി എന്നിവര്‍ ബാഴ്സയ്ക്കായും ലക്ഷ്യം കണ്ടു.
എല്‍ ക്ലാസിക്കൊയുടെ പതിവ് ചേരുവകള്‍ അടങ്ങിയ മത്സരം തന്നെയായിരുന്നു സൂപ്പര്‍ കപ്പിലും. കരിം ബെന്‍സിമ-വിനീഷ്യസ് ജൂനിയര്‍ സഖ്യം ഫോം തുടരുകയാണ്. 25-ാം മിനിറ്റില്‍ വിനീഷ്യസിലൂടെ റയല്‍ ലീഡ് നേടി. ബെന്‍സിമയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡി യോങ്ങിലൂടെ ബാഴ്സ ഒപ്പമെത്തി.
ആദ്യ പകുതി കളിയിലും ഗോളിലും തുല്യത പാലിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാഴ്സ മികവ് കാട്ടി. നിരന്തരം റയലിന്റെ ഗോള്‍മുഖം ആക്രമിച്ചു. ഡെമ്പലയും ഡി യോങ്ങുമായിരുന്നു മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 66-ാം മിനിറ്റില്‍ ഡി യോങ്ങിനെ പിന്‍വലിച്ച് ബാഴ്സ അന്‍സു ഫാറ്റിയെ കളത്തിലിറക്കി.
പക്ഷെ 72-ാം മിനിറ്റില്‍ ബെന്‍സിമ റയലിനായി ഗോള്‍ കണ്ടെത്തി. വിനീഷ്യസിന്റെ ഷോട്ട് ബാഴ്സ ഗോളി തടഞ്ഞെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. അവസരം മുതലാക്കിയ ബെന്‍സിമ അനായാസം പന്ത് വലയിലെത്തിച്ചു. റയലിന്റെ ആഘോഷങ്ങള്‍ക്ക് 10 മിനിറ്റ് ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്‍സു ഫാറ്റി കറ്റാലന്മാര്ക്കായി രണ്ടാം ഗോള്‍ നേടി.
നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 98-ാം മിനിറ്റിലായിരുന്നു റയലിന്റെ വിജയഗോള്‍ പിറന്നത്. റോഡ്രിഗോയുടെ അസിസ്റ്റില്‍ വാല്‍വര്‍ഡെയുടെ മികച്ച ഫിനിഷ്. ബാഴ്സ പ്രതിരോധത്തിന് കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. നാളെ നടക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ്-അത്ലറ്റിക്ക് ക്ലബ് മത്സരത്തിലെ വിജയികളെ റയല്‍ ഫൈനലില്‍ നേരിടും.
Also Read: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ആറാട്ട്; ഒഡീഷയെ തകര്‍ത്ത് ഒന്നാമത്