മാഡ്രിഡ്: ഇതിഹാസ താരം ഐകര്‍ കസിയസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിതിയില്‍. പരിശീലനത്തിനെടായിരുന്നു സ്‌പെയിനിന്റെ ഏക്കാലത്തേയും മികച്ച ഗോള്‍ കീപ്പറും ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളുമായ കസിയസിന് ഹൃദയാഘാതമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റയല്‍ മാഡ്രിഡിന്റെ ഗോള്‍ കീപ്പറായിരുന്ന കസിയസ് നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്‌സി പോര്‍ട്ടോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. 37 കാരനായ താരത്തെ ആശുപത്രിയിലെത്തിച്ച ഉടനെ അടിയന്ത്ര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താരം അപകടനില തരണം ചെയ്തതായാണ് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ച രാവിലെ പരിശീലനത്തിനിറങ്ങിയതായിരുന്നു കസിയസ്. പിന്നാലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. 2015 ലാണ് കസിയസ് റയല്‍ മാഡ്രിഡ് വിട്ട് പോര്‍ട്ടോയില്‍ ചേരുന്നത്.

സ്പയിനിന് 2010 ല്‍ ലോകകപ്പ് നേടുമ്പോള്‍ കസിയസായിരുന്നു നായകന്‍. സ്‌പെയിനായി 167 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സ്‌പെയിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് കസിയസ്. 2008 ലും 2012 ലും സ്‌പെയിനിന് യൂറോകപ്പും കസിയസ് നേടിക്കൊടുത്തു. മാഡ്രിഡിന്റെ മൂന്ന് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ലാലീഗ നേട്ടങ്ങളുടെ പിന്നിലും കസിയസിന്റെ ചോരാത്ത കൈകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook