മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ വിയ്യാറയല്‍ സമനിലയില്‍ കരുക്കി. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. സമനില വഴങ്ങിയെങ്കിലും ഏഴ് കളികളില്‍ നിന്ന് 17 പോയിന്റുള്ള റയല്‍ തന്നെയാണ് കിരീട പോരാട്ടത്തില്‍ ഒന്നാമത്.
സീസണില്‍ ഇതുവരെ സര്‍വാധിപത്യം സ്ഥാപിച്ച് മുന്നോട്ട് പോയ റയലിന് വിയ്യാറയലിനോട് പിഴച്ചു. 15 ഷോട്ടുകള്‍ ഉതിര്‍ത്ത മുന്നേറ്റ നിരയ്ക്ക് രണ്ടെണ്ണം മാത്രമാണ് ടാര്ജെറ്റിലെത്തിക്കാനായത്. പതിവിന് വിപരീതമായി പന്തടക്കത്തിലും റയല്‍ പിന്നോട്ട് പോയി. ലീഗിലെ പത്താം സ്ഥാനക്കാരാണ് വിയ്യാറയല്‍.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ അലാവസ് പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. നാലാം മിനിറ്റില്‍ വിക്ടര്‍ ലാഗാര്ഡിയയാണ് അലാവസിന്റെ ഗോള്‍ നേടിയത്.
കളിയില്‍ 72 ശതമാനം പന്തടക്കവും മികച്ച മുന്നേറ്റങ്ങളുമുണ്ടായിട്ടും അത്ലറ്റിക്കോയ്ക്ക് വിജയം പിടിച്ചെടുക്കാനായില്ല. സൂപ്പര്‍ താരങ്ങളായ അന്റോണിയോ ഗ്രീസ്മാനും ലൂയിസ് സുവാരസും ചേരുന്ന മുന്നേറ്റ നിര ഇത്തവണ ഫോമിലേക്ക് ഉയരുന്നില്ല എന്നതാണ് ടീമിന്റെ പ്രധാന ആശങ്ക. നിലവില്‍ പോയിന്റ് പട്ടികയില്‍ അത്ലറ്റിക്കോ മൂന്നാമതാണ്.
അതേസമയം, സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കത്തോടെ ശോഭ നഷ്ടപ്പെട്ട ബാഴ്സലോണ ഇന്ന് ലെവാന്റയെ നേരിടും. അഞ്ച് മത്സരങ്ങലില്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് കറ്റാലന്മാരുടെ സമ്പാധ്യം. ഒരു തോല്‍വിയോ സമനിലയോ പരിശീലകന് റൊണാള്‍ഡ് കോമാന് വലിയ തിരിച്ചടിയാകും.